കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 11 മാസങ്ങൾ. ഇതിനെതിരെ സൂചനാ സമരം നടത്തിയ ദുരിത ബാധിതര്‍ ശക്‌തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ തലത്തില്‍ രൂപീകരിച്ച റെമഡിയേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്. ഇതോടെ സെല്‍ യോഗങ്ങൾ ഇല്ലാതായിരിക്കുകയാണ്. സെല്‍ യോഗമില്ലെങ്കില്‍ തങ്ങളുടെ പ്രശ്‌നം കേള്‍ക്കാന്‍ സംവിധാനമില്ലാതാകുമെന്ന് ദുരിത ബാധിതര്‍ പറയുന്നു.
സെല്‍ പുനസംഘടിപ്പിക്കാന്‍ നിരവധി തവണ ആരോഗ്യ മന്ത്രി അടക്കമുള്ളവരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ കാസർഗോഡ് കളക്‌ടറേറ്റിന് മുന്നില്‍ സമരക്കാർ മനുഷ്യമതില്‍ തീര്‍ത്തു. ഐക്യദാർഢ്യവുമായി സാമൂഹ്യ പ്രവര്‍ത്തക ദയാബായിയും എത്തിയിരുന്നു.
ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെങ്കിലും ന്യൂറോളജിസ്‌റ്റിനെ നിയമിക്കണമെന്ന ഇവരുടെ ആവശ്യത്തിനും ഇതുവരെ പരിഹാരമായിട്ടില്ല. ഉന്നയിച്ച വിഷയങ്ങളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്‌തമാക്കാനാണ് തീരുമാനം. പ്രക്ഷോഭം സെക്രട്ടറിയേറ്റ് നടയിലേക്ക് വ്യാപിപ്പിക്കുമെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ മുന്നറിയിപ്പ്.
Also Read: ടിപി വധക്കേസിൽ സുപ്രീം കോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണം; കെകെ രമ