കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിലെ പ്രതി പിഎ സലീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അഡോണിയിൽ നിന്നാണ് പ്രതിയെ ഇന്നലെ പിടികൂടിയത്.
സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പട്ടതാണ് അന്വേഷണത്തിൽ സഹായമായത്. മദ്യപിച്ച് റോഡിൽ കിടന്നയാളിന്റെ മൊബൈൽ എടുത്താണ് സലീം ബന്ധുക്കളെ വിളിച്ചത്. പിന്നാലെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. മൽപ്പിടിത്തത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. കണ്ണൂർ ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാളെ കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. കുടക്, മാണ്ഡ്യ, ഈശരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കൃത്യം നടത്തിയതിന് പിന്നെ സലീം ആന്ധ്രായിലേക്ക് കടന്നു. അഡോണിയിൽ നിന്നും ബെംഗളുരുവിലേക്ക് പോകാനായിരുന്നു പ്രതിയുടെ പരിപാടി. ഇതിനായി അഡോണി റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും ട്രെയിനിൽ കയറാനായില്ല. മഫ്തിയിൽ കാത്തിരുന്ന പോലീസ് സംഘം പ്രതിയെ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ നിന്ന് പിടികൂടുകയായിരുന്നു. കൃത്യം നടന്ന ദിവസവും പിടിയിലായ ദിവസവും ഇയാൾ ധരിച്ചിരുന്നത് ഒരേ വസ്ത്രമായതും പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു.
നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്സോ കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിൽ മൂന്ന് മാസം റിമാൻഡിലായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിന്റെ മുൻ വാതിൽ തുടർന്ന് തൊഴുത്തിൽ പോയ സമയത്താണ് പ്രതി വീടിന്റെ അകത്തേക്ക് കടന്നത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തോളിലെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തേക്കിറങ്ങി.
പിന്നീട് വീടിന് 500 മീറ്റർ അകലെയുള്ള സ്ഥലത്തെത്തിച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് സ്വർണക്കമ്മലുകൾ കവർന്നു. അതിന് ശേഷം കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്. എന്നാൽ, ആശുപത്രിയിൽ ഹാജരാക്കിയ പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്.
Most Read| ഗാസയിലെ ഇസ്രയേൽ നടപടി നിർത്തിവെക്കാൻ രാജ്യാന്തര കോടതി; തൊട്ടുപിന്നാലെ ആക്രമണം