വയനാട്: രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റയിൽ ഉള്ള ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ ആക്രമണം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആണെന്നും, പിണറായി വിജയൻ എസ്എഫ്ഐക്ക് കൊടുത്ത കൊട്ടേഷൻ ആണിതെന്നും ആരോപിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാഹുലിനെ വേട്ടയാടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർത്തിയ ഇടത്ത് നിന്ന് പിണറായി തുടങ്ങുകയാണെന്നും, അക്രമം നടത്തിയവരെ പുറത്താക്കാൻ പാർട്ടി ആർജവം കാണിക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. 1500ലേറെ പേര്‍ അണിനിരന്ന റാലിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, എംകെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളും പങ്കെടുത്തു.
സിവിൽ സ്‌റ്റേഷൻ പരിസരത്തെ എംപി ഓഫീസിൽ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. അതേസമയം റാലിയിൽ ചിലയിടങ്ങളിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. നിലവിൽ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിപിഎം, കോൺഗ്രസ് ഓഫീസ് പരിസരമുൾപ്പടെ ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്.
Read also: ഇറാനിൽ ഭൂകമ്പം; യുഎഇയിൽ തുടർചലനം, മലയാളികളുടെ താമസസ്‌ഥലങ്ങളും കുലുങ്ങി







































