തിരുവനന്തപുരം: ലോകായുക്‌ത പരാമര്‍ശത്തെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെടി ജലീലിന് മന്ത്രി സ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ, ഇന്നത്തെ വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് നിയമ വിദഗ്‌ധർ പറയുന്നു.
കേസ് വരാനുണ്ടായ സാഹചര്യം, എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് എന്‍ജിനീയറായി ജോലിയും പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതും സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരണമടഞ്ഞ സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗവും പുറമേ 20 ലക്ഷം രൂപ നല്‍കിയതും ഉൾപ്പടെയുള്ള ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണ് ലോകായുക്‌ത കോടതി പരിശോധിച്ചത്.
കേരള സർവകലാശാലാ മുൻ സിൻഡിക്കറ്റ് അംഗം ആർഎസ് ശശികുമാർ നൽകിയ ഹരജിയിലാണ് കേസെടുത്തത്. വിധി സർക്കാരിന് അനുകൂലമാണെങ്കിൽ ഉയർന്ന കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്‌തമാക്കിയിട്ടുണ്ട്. കേസിൽ 2022 മാർച്ച് പതിനെട്ടിന് വാദം പൂർത്തിയായിരുന്നു. നീണ്ട ഒരു വർഷത്തിന് ശേഷമാണ് ഇന്ന് വിധി ഉണ്ടായേക്കുമെന്ന് കരുതുന്നത്.
ഈ വിധിയെ പ്രതിരോധിക്കാൻ ലോകായുക്‌ത കോടതിയുടെ അധികാരം വെട്ടിക്കുറച്ചു കൊണ്ടും സർക്കാരിനെതിരെ വിധിവന്നാൽ അതിനെ മറികടക്കാനും സാധിക്കുന്ന ഓർഡിനൻസ് സർക്കാർ നിർമിച്ച് ഗവർണർക്ക് നൽകിയിരുന്നു. ഗവർണർ ഒപ്പിട്ടു മറ്റൊരു ബിൽ പാസാക്കിയാൽ മാത്രമേ പ്രതിസന്ധി നിയമമാകുകയുള്ളു. എന്നാൽ, ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടെങ്കിലും പകരമുള്ള ബില്ലിന് ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.
അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്‌ഥാനം ഒഴിയണം എന്നുപറയുന്ന ലോകായുക്‌തയുടെ 14ആം വകുപ്പാണ് സർക്കാർ ഓർഡിനൻസിലൂടെ മറികടക്കാൻ ശ്രമിച്ചത്. ബിൽ നിയമമാവാത്തതിനാൽ പതിനാലാം വകുപ്പ് പുനസ്‌ഥാപിക്കപ്പെട്ട അവസ്‌ഥയിലാണ് നിലവിലെ നിയമസാഹചര്യം. ഈ വകുപ്പ് നിലവിൽ ഉള്ളതുകൊണ്ടാണ് ലോകായുക്‌ത വിധിയില്‍ കെടി ജലീലിനു മന്ത്രി സ്‌ഥാനം രാജി വയ്‌ക്കേണ്ടിവന്നത്.
Most Read: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പാറ്റ്‌ന കോടതി നോട്ടീസ്