ആലപ്പുഴ: സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ കേരളം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പു രോഗികളെ. ഇതിനായി രണ്ടായിരത്തോളം ഹോംകെയർ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കൂടുതലും സർക്കാർ സംവിധാനത്തിലാണ്. 1373 എണ്ണം.
ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. സേവനത്തിന്റെ ഗുണനിലവാരം കൂട്ടാനുള്ള നടപടി തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ തുടങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ നടപടി തുടങ്ങിക്കഴിഞ്ഞു.
തദ്ദേശതലത്തിൽ സാന്ത്വന പരിചരണ വിഭാഗങ്ങളെ ഏകോപിപ്പിക്കുക, മെഡിക്കൽ കോളേജ് ആശുപത്രികളിലും കാൻസർ സെന്ററുകളിലും സാന്ത്വന പരിചരണം തുടങ്ങുക, ആരോഗ്യ-സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകുക, രോഗികളെ തൊഴിൽപരമായി പുനരധിവസിപ്പിക്കുക എന്നിവയ്‌ക്ക് പ്രാമുഖ്യം നൽകും.
വീടുകളിൽ ഡോക്‌ടറുടെ സേവനവും നഴ്‌സിങ് പരിചരണവും നൽകുന്ന സ്‌ഥാപനങ്ങൾക്കും കിടപ്പുരോഗികൾക്ക് മാനസിക, സാമൂഹിക പിന്തുണയേകുന്ന സംഘടനകൾക്കും സംസ്‌ഥാന തലത്തിൽ രജിസ്‌ട്രേഷൻ നൽകുന്നുണ്ട്. സംഘടനകളിൽ ഉള്ളവർക്ക് ആരോഗ്യവകുപ്പ് വിവിധ തലത്തിൽ പരിശീലനം നൽകാൻ തുടങ്ങി.
കിടപ്പുരോഗി മരിച്ചതിന് ശേഷവും വീടുകളിൽ ആശാ പ്രവർത്തകരെത്തും ഈ കുടുംബത്തിന്റെ വിവരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി സഹായം നൽകുന്ന കാര്യങ്ങൾ ചർച്ച ചെയ്യും. ഇന്ത്യയിൽ ആദ്യമായി പാലിയേറ്റീവ് നയം നടപ്പാക്കിയത് കേരളമാണ്. 2008ലാണ് നടപ്പാക്കിയത്. 2019ൽ നയം പുതുക്കി.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം