പാലക്കാട്: ഒൻപത് വർഷം മുൻപ് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ ആലൂർ പ്രദേശത്ത് രൂപം കൊള്ളുകയും പരിസരത്തെ പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ‘ഒരുമ‘ എന്ന സംഘടനക്ക് സ്വന്തം മണ്ണിലുയരുന്ന കെട്ടിടത്തിനാണ് തറക്കല്ലിട്ടത്.
പ്രദേശത്തെ ആലംബഹീനർക്കും അസുഖബാധിതരായ വ്യക്‌തികൾക്കും വൃദ്ധജനങ്ങൾക്കും താങ്ങായി പ്രവർത്തിക്കുന്ന ‘ഒരുമ‘ ജില്ലയിലെ ശ്രദ്ധേയമായ പാലിയേറ്റിവ് സെന്ററുകളിൽ ഒന്നാണ്. മികച്ച മാതൃക തീർത്ത സംഘടന ജാതി മത ഭേദമില്ലാതെ നൂറുകണക്കിന് മനുഷ്യർക്കാണ് എല്ലാ വർഷവും ആശ്വാസമെത്തിക്കുന്നത്.
ആശ്വാസ പ്രവർത്തനങ്ങളിൽ മികച്ചു നിൽക്കുമ്പോഴും ‘ഒരുമ‘യുടെ വലിയ പരിമിതിയായിരുന്നു സ്വന്തമായി സ്‌ഥലമോ കെട്ടിടമോ ഇല്ലാത്തത്. അതിനാണിപ്പോൾ പരിഹാരമാകുന്നത്. ഒരുവർഷം മുൻപ് കെട്ടിടം നിർമിക്കാൻ ആവശ്യമായ 4 സെന്റ് സ്‌ഥലം തട്ടത്താഴത്ത് അബ്‌ദുല്ല സൗജന്യമായി നൽകിയിരുന്നു. ഇതിൽ നിർമിക്കുന്ന കെട്ടിടത്തിനാണ് എംപി ഇടി മുഹമ്മദ് ബഷീർ ശിലാസ്‌ഥാപനം നിർവഹിച്ചത്.
സൗജന്യ ഡയാലിസിസ് യൂണിറ്റ്, പാലിയേറ്റീവ് ക്ളിനിക്, ട്രെയിനിങ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കാനാണ് പദ്ധതി. നിലവിൽ, ആഴ്‌ചയിൽ അഞ്ച് ദിവസം ഹോം കെയർ, മാസത്തിൽ രണ്ട് ദിവസം ഡോക്‌ടേഴ്‌സ് ഹോം കെയർ ‘ഒരുമ‘ക്ക് കീഴിൽ മുടങ്ങാതെ നടക്കുന്നുണ്ട്.
രോഗീ പരിചരണങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ അർഹതപ്പെട്ടവർക്ക് സൗജന്യമായി എത്തിച്ചു നൽകലും പ്രകൃതി സംരക്ഷണവും ബോധവൽക്കരണവും ഉൾപ്പടെയുള്ള സേവനങ്ങളും ‘ഒരുമ‘ യുടെ പ്രവർത്തനങ്ങളിലുണ്ട്. പ്രവർത്തനങ്ങൾക്ക് കൂടുതൽ ദിശാബോധവും ഊർജവും ഉണ്ടാകാൻ കെട്ടിടം സഹായിക്കുമെന്നും ഈ സ്വപ്‍നം സാക്ഷാൽകരിക്കാൻ മനസാക്ഷി മരവിക്കാത്ത ഈ നാട്ടിലെ എല്ലാ മനുഷ്യരും കൂടെയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
എംപി ഇടി മുഹമ്മദ് ബഷീർ ശിലാസ്‌ഥാപന കർമം നിർവഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ മുഖ്യാതിഥിയായി. നിർമാണ സമിതി ചെയർമാൻ മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് ചെയർമാൻ എപി കുഞ്ഞപ്പയുടെ നേതൃത്വത്തിൽ ഒരുമ ജനറൽ സെക്രട്ടറി സജിത്ത് പണിക്കർ സ്വാഗതം പറഞ്ഞു. ട്രഷറർ സുനിൽകുമാർ നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ ഒരുമ അംഗങ്ങളും ബ്‌ളോക് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
MOST READ| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം