ആലത്തൂർ ‘കൃപ’ പാലിയേറ്റീവ് രംഗത്ത് മാതൃക; 169 രോഗികൾക്ക് തണൽ

169 രോഗികളിൽ 57 പേർ ക്യാൻസറുമായി മല്ലിടുന്നവർ, പക്ഷാഘാത രോഗികൾ 23, നട്ടെല്ലിന് ക്ഷതമേറ്റവർ 20, വാർധക്യ രോഗികൾ 24 ഉൾപ്പടെയുള്ളവരാണ്. ഇവരെ പരിചരിക്കുന്നതിനൊപ്പം പ്രദേശത്തെ 68 രോഗികൾക്ക് സ്‌ഥിരം മരുന്നെത്തിച്ചും അതീവദരിദ്രരായ 75 ഓളം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമോ ഭക്ഷ്യധാന്യങ്ങളോ എത്തിച്ചും സമാനതകളില്ലാതെ 'കൃപ’ തണലാകുന്നു.

By Trainee Reporter, Malabar News
Alathur Kripa Palliative Clinic
'കൃപ' യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ്
Ajwa Travels

പാലക്കാട്: ജില്ലയിലെ ആലത്തൂർ താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘കൃപ’ പാലിയേറ്റീവ് (Alathur Kripa Palliative Clinic is a model in palliative care) രംഗത്ത് സൃഷ്‌ടിക്കുന്നത് സമാനതകളില്ലാത്ത മാനുഷ്യക സേവനമാണ്. മിക്ക മാസങ്ങളിലും 150ൽ കൂടുതൽ രോഗീപരിചരണം നിർവഹിക്കുന്ന ‘കൃപ’ മനുഷ്യ മനഃസാക്ഷിയുടെ സാമ്പത്തിക സഹായവും സേവനസന്നദ്ധരായ വളണ്ടിയർമാരുടെ കരുണയിലുമാണ് മുന്നോട്ടു പോകുന്നത്.

ഒരു പതിറ്റാണ്ട് മുമ്പ്, ജാതി മത ഭേദമന്യേ എല്ലാവർക്കും സമീപിക്കാവുന്ന ആശ്വാസകേന്ദ്രമായി ആരംഭിച്ച കൃപ പാലിയേറ്റീവ് കെയർ അഭ്യുദയകാംക്ഷികളും സഹകാരികളും നൽകുന്ന സഹായം കൊണ്ടുമാത്രമാണ്‌ ഇത്രയും വിപുലമായ സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. വിധിക്ക് മുന്നിൽ തളർന്ന് പോയ ഹതഭാഗ്യരായ അനേകായിരം മനുഷ്യർക്കാണ് ഒരുപതിറ്റാണ്ടു കൊണ്ട് ഈ സ്‌ഥാപനം താങ്ങും തണലുമായത്.

പ്രദേശത്തെ അശരണരുടെ അത്താണികൂടിയായ ഈ സ്‌ഥാപനം കാൻസർ ബാധിതർ, കിഡ്‌നി രോഗികൾ, മാരകമായ അസുഖം കാരണം ദീർഘകാല പരിചരണം ആവശ്യമുള്ളവർ, വാർധക്യസഹജമായ അവശതയനുഭവിക്കുന്നവർ, ശരീരം മുഴുവനായോ ഭാഗികമായോ തളർന്ന് പോയവർ തുടങ്ങി പലവിധ രോഗികളെയാണ് പരിചരിക്കുന്നത്.

ഹോം കെയറുകളിലൂടെ മുറിവ് കെട്ടൽ, കുളിപ്പിക്കൽ, രോഗികളുടെ വയറ്റിൽ കെട്ടിക്കിടക്കുന്ന മലം ഒഴിവാക്കൽ, ഭക്ഷണം കഴിക്കുന്നതിനും മൂത്രം പോകുന്നതിനുമായി ട്യൂബിടൽ, രക്‌ത പരിശോധന, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങൾ നൽകുന്നതോടൊപ്പം ആവശ്യമായ സർജിക്കൽ ഉപകരണങ്ങൾ, ആംബുലൻസ് സേവനം എന്നിവയും ലഭ്യമാക്കുന്നുണ്ട്.

Alathur Kripa Palliative Clinicആലത്തൂർ വാനൂർ നൂർനഗറിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന ഈ ആശ്രയകേന്ദ്രം എല്ലാ വ്യാഴാഴ്‌ചയും ഒപി പരിശോധന ഒരുക്കുന്നുണ്ട്. ഫിസിയോതെറാപ്പി ഉൾപ്പടെയുള്ള ചികിൽസാ പിന്തുണകളും ഇവർനൽകുന്നു. ഇതു കൂടാതെ വളണ്ടിയർമാർക്കും പൊതുജനങ്ങൾക്കുമായി പരിശീലന പരിപാടികളും ബോധവൽക്കരണ ക്ളാസുകളും ഇവർ നടത്തുന്നു.

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് രോഗികളെ പങ്കെടുപ്പിച്ചുള്ള കുടുംബ സംഗമങ്ങൾ, വിനോദയാത്രകൾ എന്നിവയും ‘കൃപ’ സംഘടിപ്പിക്കാറുണ്ട്. വാർത്തകളെയും പിആർ പ്രവർത്തനങ്ങളെയും ആശ്രയിക്കാനറിയാത്ത സാധാരണക്കാരായ മനുഷ്യർ തങ്ങളുടെ സഹജീവികൾക്ക് താങ്ങായി നിലകൊള്ളാൻ നടത്തുന്ന ഈ പ്രസ്‌ഥാനം ഓരോ മനുഷ്യരുടെയും സഹായം അർഹിക്കുന്നുണ്ട്. ഒരുദിവസത്തെ വാർത്താപ്രളയത്തിലോ സാമൂഹികമാദ്ധ്യമ പ്രളയത്തിലോ ഉൾപ്പെടാതെ ഒരു ദശാബ്‌ദക്കാലമായി മുടങ്ങാതെ തുടരുന്ന ഈ നിശബ്‌ദ പ്രവർത്തനം ഓരോരുത്തരുടെയും പിന്തുണ അർഹിക്കുന്നുണ്ട്.

Alathur Kripa Palliative Clinic
‘കൃപ’ വിനോദയാത്രയിൽ നിന്നുള്ള ദൃശ്യം

‘കൃപ’ യുടെ പ്രവർത്തനത്തിൽ പങ്കാളികളാകുന്നത് 15 വളണ്ടിയർമാർ, രണ്ടു നഴ്‌സ്, ഒരു ഡ്രൈവർ, ഒരു ഓഫീസ് സ്‌റ്റാഫ്‌ എന്നിവരാണ്. ഇതിനായി ഒരുമാസം 1 ലക്ഷം രൂപയോളം ചിലവുണ്ട്. കരുണയുള്ള ഓരോ മനുഷ്യരുടെയും നിരന്തരസഹായം ‘കൃപ’ക്ക് ആവശ്യമുണ്ട്. ഓരോമാസവും ചെറുതോ വലുതോ ആയ ഒരു നിശ്‌ചിത സംഖ്യ ‘കൃപ’ക്ക് എത്തിക്കാൻ സാധിക്കുന്നവർ അതിനായി ശ്രമിക്കണം. സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർ 9605084343 എന്ന നമ്പറിൽ ബന്ധപെടുക.

Alathur Kripa Palliative Cinic
‘കൃപ’ യുടെ ബോധവൽകരണ ക്‌ളാസ്

അബ്‌ദുൾ റഹ്‌മാൻ ഹൈദറാണ് കൃപയുടെ പ്രസിഡണ്ട്. അസനാർ കുട്ടി മാസ്‌റ്റർ ജനറൽ സെക്രട്ടറിയും ഫൗലാദ് ഖാലിദ് ട്രഷററുമാണ്. അബ്‌ദുറഹ്‌മാൻ ഹസനാർ, സെയ്‌ഫുന്നീസ മൊയ്‌തുപ്പ എന്നിവർ വൈസ് പ്രസിഡണ്ടുമാരും ഷബീർ അബ്‌ദുൽ അസീസ്, സബീന അബ്‌ദുൽ അഅ്ല എന്നിവർ സെക്രട്ടറിമാരുമാണ്.

INSPIRING | വീൽച്ചെയറിലും തളരാത്ത ആത്‌മധൈര്യവുമായി ആൽഫിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE