തിരുവനന്തപുരം: കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി. ഇന്ന് വൈകീട്ടാണ് കുറ്റ്യാടിയിൽ പ്രതിഷേധ മാർച്ച് നടന്നത്. പരസ്യ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യം പരിശോധിക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് ഇന്ന് നടന്ന മാർച്ചിൽ പങ്കെടുത്തത്. മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി ഇല്ലാത്തതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. സിപിഐഎം പതാകയേന്തിയാണ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.
‘ചെങ്കൊടിയുടെ മാനം കാക്കാൻ’ എന്ന ബാനർ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധ മാർച്ച്. രണ്ടില ചിഹ്നത്തിലല്ല മറിച്ച് അരിവാൾ ചുറ്റിക ചിഹ്നത്തിലാണ് തങ്ങൾക്ക് സ്ഥാനാർഥിവേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ചാണ് പ്രകടനം. പാർട്ടി ഭാരവാഹിത്വമുള്ള നേതാക്കളൊന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നില്ല. സിപിഎം അനുഭാവികളുടെ പ്രതിഷേധം എന്ന നിലയിലാണ് കുറ്റ്യാടിയില്‍ പ്രകടനം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രതിഷേധം നടന്നിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞമ്മദ് കുട്ടിയെ മൽസരിപ്പിക്കണം എന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
Read Also: സാമൂഹിക മാദ്ധ്യമങ്ങള്‍ വഴിയുള്ള തിരഞ്ഞടുപ്പ് പരസ്യം; മുന്‍കൂര്‍ അനുമതി നിർബന്ധം









































