കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. ഡെൽഹിയിൽ നിന്നാണ് വ്യോമസേനയുടെ സി 130ജെ വിമാനം ഇന്ന് വൈകിട്ടോടെ പുറപ്പെട്ടത്.
കുവൈത്തിൽ നിന്നും നടപടികൾ പൂർത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം ഇന്ത്യയിലേക്ക് തിരിക്കും. നാളെ രാവിലെ 8.30ഓടെ വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 45 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം.
തിരിച്ചറിഞ്ഞ 23 മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലായിരിക്കും എത്തിക്കുകയെന്നാണ് വിവരം. 23 പേർക്ക് പുറമെ തിരിച്ചറിയാത്തവരിൽ രണ്ടു മലയാളികൾ കൂടിയുണ്ടെന്ന് അനൗദ്യോഗിക വിവരമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൃതദേഹങ്ങൾ ഏറ്റുവാങ്ങും.
തുടർന്ന് പ്രത്യേക ആംബുലൻസുകളിൽ വീട്ടിലെത്തിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലേക്ക് പുറപ്പെട്ടു. അതിനിടെ, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈത്തിലേക്കുള്ള യാത്രയിൽ അനിശ്ചിതത്വം തുടരുകയാണ്. യാത്രക്ക് കേന്ദ്രാനുമതി ലഭിക്കാത്തതാണ് തടസം. അനുമതി കിട്ടാത്തതിനാൽ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയാണ്. ഇന്ന് രാത്രി 10.30ന് ആണ് കുവൈത്തിലേക്കുള്ള വിമാനം.
പ്രമുഖ മലയാളി വ്യവസായി ആയ കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ തീ പൂർണമായും അണച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തെക്കൻ കുവൈത്തിലെ അഹ്മദി ഗവർണറേറ്റിലെ മംഗഫിലെ പാർപ്പിട സമുച്ചയത്തിൽ തീപടരാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Most Read| ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; പരിശോധനക്ക് വിദഗ്ധ സംഘം