കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വാട്‍സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചു. കഴിഞ്ഞയാഴ്‌ചയാണ് ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. എം ശിവശങ്കര്‍,സ്വപ്‌ന സുരേഷ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്‍സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.
ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നിർണായകമാണെന്നാണ് വിജിലന്‍സ് നിലപാട്. ഇവ ലഭിച്ച ശേഷം മാത്രമായിരിക്കും ലൈഫ് മിഷൻ കേസിൽ അടുത്ത ഘട്ട അന്വേഷണം ആരംഭിക്കുക.
കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരുടെ ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ എന്നിവയും വിജിലൻസ് സംഘം പരിശോധിക്കും.
ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന വിജിലന്‍സ് ആവശ്യം എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു. ഇത് ലഭിച്ചാൽ ഉടൻ വിജിലൻസ് പരിശോധന നടത്തും. സി-ഡാക്കില്‍ നിന്നും വീണ്ടെടുത്ത തെളിവുകളാണ് പരിശോധിക്കുക. ലൈഫ് മിഷനിലെ എം ശിവശങ്കറിന്റെ ഇടപെടല്‍ സ്‌ഥിരീകരിക്കുന്ന തെളിവുകളും പരിശോധനാ പട്ടികയിലുണ്ട്.
Also Read: കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസ് റെയ്‌ഡ്; 35 ഇടത്ത് ക്രമക്കേട് കണ്ടെത്തി