തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. മുതലപ്പൊഴിയിൽ ഇന്ന് പുലർച്ചെ മൽസ്യബന്ധന വള്ളം മറിഞ്ഞു മൽസ്യത്തൊഴിലാളി മരിച്ച സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, ആന്റണി രാജു എന്നിവർക്കെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. രക്ഷാപ്രവർത്തനം വൈകുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ മന്ത്രിമാരെ തടഞ്ഞത്.
പ്രതിഷേധത്തെ തുടർന്ന് മന്ത്രിമാർ സ്ഥലത്ത് നിന്ന് മടങ്ങി. ഇന്ന് പുലർച്ചെ നാല് മണിയോടെ മൽസ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞു ഒരാൾ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ അപകടം സ്ഥിരമായിരുന്നു. അടുത്ത വർഷമെങ്കിലും മരണം ഇല്ലാതാകുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നിരന്തരം അപകടം നടക്കുന്ന പ്രദേശമായതിനാൽ എന്തുകൊണ്ടാണ് അടിയന്തിര രക്ഷാപ്രവർത്തന സംവിധാനങ്ങൾ ഒരുക്കാത്തതെന്നും നാട്ടുകാർ ചോദിക്കുന്നു.
അപകടം നടന്നു മണിക്കൂറുകൾ കഴിഞ്ഞാണ് സർക്കാർ സംവിധാനങ്ങൾ സ്ഥലത്ത് എത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, പ്രതിഷേധക്കാരോട് ഷോ വേണ്ടെന്ന് മന്ത്രിമാർ പറഞ്ഞതായും ആക്ഷേപമുണ്ട്. ഇതേ തുടർന്ന് പ്രതിഷേധം ശക്തമായി. തുടർന്ന് മന്ത്രിമാർ മടങ്ങി. അതിനിടെ, സ്ഥലം സന്ദർശിച്ച മന്ത്രിമാരെ തടയാൻ ഫാദർ യുജീൻ പെരേര ആഹ്വാനം ചെയ്തെന്നും, ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. മൽസ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് മന്ത്രിമാർ സശ്രദ്ധം കേട്ടു. ഇവരുടെ ആവശ്യപ്രകാരം സ്കൂബ ഡൈവേഴ്സിന്റെ സേവനം ഉറപ്പാക്കി. ശേഷം മരിച്ച കുഞ്ഞുമോന്റെ മൃതദേഹത്തിൽ മന്ത്രിമാർ ആദരാഞ്ജലി അർപ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചു.
മന്ത്രിമാർ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദർ യുജീൻ പെരേരയും സ്ഥലത്തെത്തുന്നത്. ഫാദർ യുജീൻ പെരേര ഉടൻ തന്നെ മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്യുകയായിരുന്നു. എന്നാൽ, നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഉണ്ടായില്ലെന്നും വി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Most Read: മണിപ്പൂരിലെ ക്രമസമാധാനം; ചുമതല ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി