ലോകത്തിന്റെ മറ്റേതെങ്കിലും മേഖലയിൽ നടക്കുന്ന സംഘർഷങ്ങൾ നമ്മുടെ അടുക്കളയിൽ വരെ എങ്ങനെ ബാധിക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം മൂലം നമ്മുടെ രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള പാചകവാതക ക്ഷാമം. അതെ, ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന സംഘർഷം മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ തന്നെ നമ്മുടെ രാജ്യത്തെ ഓരോ അടുക്കളയിലും വരെ എത്തുന്നു!.
വിശേഷിച്ചും ലോകത്തിലെ മൊത്തം കടൽ വഴിയുള്ള എണ്ണ ചരക്കുനീക്കത്തിന്റെ 40% വും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്ക് സ്‌ഥിതിചെയ്യുന്ന മിഡിൽ ഈസ്‌റ്റ് മേഖലയിലെ ഏതൊരു വലിയ സംഘർഷവും, കടൽഗതാഗതം, എണ്ണ-വാതക വിതരണം എന്നിവയെ നേരിട്ടുബാധിക്കും. ഇത്തരം അപകടകരമായ സാഹചര്യങ്ങൾ ദീർഘവീക്ഷണ ശേഷിയില്ലാത്ത, തന്ത്രപരമായ സംഭരണശേഷി ആർജിക്കാത്ത രാജ്യങ്ങളിൽ ദിവസങ്ങൾക്കുള്ളിൽ പ്രത്യാഘാതം പ്രകടമാക്കും.
ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന നമ്മുടെ രാജ്യം, പാചകവാതകം ഉൾപ്പടെയുള്ള മനുഷ്യ ജീവിതത്തിന്റെ അടിസ്‌ഥാന ആവശ്യങ്ങളെ, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഒരുമൂന്നു മാസമെങ്കിലും കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തിയിലേക്ക് വളർന്നിട്ടില്ലെങ്കിൽ അത് വളരെ വലിയ അപകടസൂചനയാണ് നൽകുന്നത്. പ്രത്യേകിച്ചും രാജ്യസുരക്ഷയിൽ അപകടകരമായ ഭീഷണി എല്ലായ്‌പ്പോഴും നിഴൽപോലെ പിന്തുടരുന്ന രാജ്യങ്ങളിൽ ഒന്നായ ഭാരതത്തിന്.
2023 ഏപ്രിലിലാണ് ഇന്ത്യ ജനസംഖ്യയിൽ ചൈനയെ മറികടന്നത്. വിവിധ കണക്കുകൾ പറയുന്നത് അനുസരിച്ച്, ഇന്ത്യയിലെ മൊത്തം ജനസംഖ്യ 147 കോടിക്ക് മുകളിലാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന സ്‌ഥാനം വഹിക്കുന്ന നമ്മൾ ആഗോള ജനസംഖ്യയുടെ ഏകദേശം 17.8% വരും. ശാസ്‌ത്രീയമായി വിശ്വസിക്കാവുന്ന കണക്കുകൾ ലഭ്യമല്ലെങ്കിലും, ഏകദേശം 33 കോടി മുതൽ 37 കോടി കുടുംബങ്ങൾ ഉണ്ടെന്നാണ് വിവിധ കണക്കുകൾ നൽകുന്ന സൂചന.
ആസൂത്രണമില്ലാത്ത വളർച്ച
പ്രസ് ഇൻഫർമേഷൻ ബ്യുറോ പറയുന്നത് അനുസരിച്ച്, 2024 നവംബർ 1ൽ, ഇന്ത്യയിലെ സജീവ ഗാർഹിക എൽപിജി ഉപഭോക്‌താക്കളുടെ എണ്ണം 32.83 കോടിയാണ്. 2016ൽ ഇത് വെറും 16.63 കോടി ഉപഭോക്‌താക്കളായിരുന്നു. എന്നാലിത്, രാജ്യത്തുടനീളമുള്ള ദരിദ്ര കുടുംബങ്ങളിലെ പ്രായപൂർത്തിയായ സ്‌ത്രീകൾക്ക് നിക്ഷേപരഹിത എൽപിജി കണക്ഷൻ നൽകുക എന്ന ലക്ഷ്യത്തോടെ 2016 മെയ് മാസത്തിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) ആരംഭിച്ചതിലൂടെ ഗ്യാസ് കണക്ഷൻ ഇല്ലാത്ത വീടുകൾ രാജ്യത്ത് കണ്ടെത്താൻ സാധിക്കാത്ത രീതിയിലേക്ക് വളരാൻ കാരണമായി.
വിറകടുപ്പുകളും മണ്ണെണ്ണ അടുപ്പുകളും ഉമിഅടുപ്പുകളും ഉൾപ്പടെയുള്ള സമാന്തര സംവിധാനങ്ങൾ വീടുകളും ഹോട്ടലുകളും ഉൾപ്പടെയുള്ള എല്ലായിടത്തുനിന്നും അപ്രത്യക്ഷമായി എന്നുതന്നെ പറയാം. എന്നാൽ, ഈ വളർച്ചക്ക് അനുയോജ്യമായ രീതിയിൽ ഇന്ത്യയുടെ ഊർജ്‌ജ ആശ്രിതത്വം കുറയ്‌ക്കാനുള്ള നടപടികളോ ഊർജ്‌ജ സംഭരണശേഷി വളർത്തുന്ന കാര്യത്തിലോ നമ്മുടെ രാജ്യം എങ്ങുമെത്തിയിട്ടില്ല എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് നിലവിൽ രൂക്ഷമാകുന്ന പ്രതിസന്ധി.
സംഘർഷം രൂക്ഷമായി വെറും 11ആം ദിവസമെത്തുമ്പോൾ നമ്മുടെ രാജ്യത്തെ ഇന്നത്തെ സാഹചര്യം, രാജ്യമെമ്പാടും ഹോട്ടലുകളും റസ്‌റ്റന്റുകളും കേറ്ററിങ് മേഖലയെയും പ്രതിസന്ധിയിലാക്കി വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവക്ക് മാത്രമായി എൽപിജി വിതരണം നിയന്ത്രിച്ചിരിക്കുന്നു.
രാജ്യത്ത് ഉപയോഗിക്കുന്ന ആകെ എൽപിജിയുടെ 65% വും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ 90 ശതമാനവും എത്തുന്നത് സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഇറാന് ശക്‌തമായ സ്വാധീനമുള്ള ഹോർമുസ് കടലിടുക്കിൽ രൂപപ്പെട്ട പ്രതിസന്ധിയെ തുടർന്ന് ചരക്കുകപ്പലുകളുടെ നീക്കം നേരിട്ടതാണ് രാജ്യത്തിന് തിരിച്ചടിയായത്.
ചുരുക്കത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ഊർജ്‌ജ ഉപഭോക്‌താക്കളായി നാം വളരുന്നത് അനുസരിച്ച്, ആഭ്യന്തര ഉൽപാദനം, ദീർഘവീക്ഷണമുള്ള ഇറക്കുമതി സംഭരണം എന്നിവയിൽ നമ്മുടെ അകം പൂർണമായും പൊള്ളയാണ് എന്നതാണ് നിലവിലെ യാഥാർഥ്യങ്ങൾ നമുക്ക് ചൂണ്ടികാണിച്ചു നൽകുന്നത്. ഇത് തീർച്ചയായും ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ ഉയർത്താൻ കാരണമാകുന്നു.
ക്ഷാമം ഒരു ലക്ഷണം മാത്രം
ഹോട്ടലുകളിൽ അല്ലങ്കിൽ വീടുകളിൽ സിലിണ്ടർ കിട്ടാതെ പോകുന്നത് ഒരു വലിയ സംവിധാന പ്രശ്‌നത്തിന്റെ ചെറിയ ലക്ഷണം മാത്രമാണ്. തന്ത്രപരമായ സംഭരണ ശേഷി കുറവ്, രാജ്യത്തിന് അകത്തേയ്‌ക്കുള്ള വിതരണ ശൃംഖലയുടെ ദൗർബല്യം അല്ലങ്കിൽ പോരായ്‌മകൾ, ഇറക്കുമതിയിലെ അശ്രദ്ധാ പൂർവമുള്ള അമിത ആശ്രിതത്വം, ആവശ്യകതയുടെ കൃത്യമായ പ്രവചനമില്ലായ്‌മ ഉൾപ്പടെയുള്ള വീഴ്‌ചകളുടെ ആകത്തുകയാണ് നിലവിൽ അനുഭവിക്കുന്ന പ്രതിസന്ധി.
ഊർജ്‌ജ സുരക്ഷയിലും ജീവിതനിലവാരത്തിലും മുന്നേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ രാജ്യാന്തരതലത്തിലോ അല്ലങ്കിൽ രാജ്യത്ത് തന്നെയോ ഒരു സംഘർഷ/യുദ്ധ സമാന സാഹചര്യം ഉണ്ടായാൽ, അത് ആഴ്‌ചകളോ മാസങ്ങളോ നീണ്ടുനിന്നാൽ അതിനെ അതിജീവിക്കാനുള്ള തന്ത്രപരമായ സംഭരണ ശേഷി ആർജ്‌ജിക്കേണ്ടതുണ്ട്. അത് നമ്മുടെ കാര്യത്തിൽ പരാജയമാണെന്ന് സുവ്യക്‌തമാണ്.
ദീർഘവീക്ഷണം എവിടെ?
സാധാരണയായി പൊതുസമൂഹം ഇത്തരം വിഷയങ്ങളെ കുറിച്ച് ചിന്തിക്കുന്നതും സമരമുഖത്തേയ്‌ക്ക് ഇറങ്ങുന്നതും വില ഉയരുമ്പോഴോ സിലിണ്ടർ കിട്ടാത്തപ്പോഴോ മാത്രമാണ്. അതും തിരക്കേറിയ ഈ കാലഘട്ടത്തിലെ ജീവിതസാഹചര്യത്തിൽ ഇപ്പോഴില്ല എന്നതാണ് യാഥാർഥ്യം. എത്രവിലകൂടിയാലും എന്തൊക്കെ അടിച്ചേൽപ്പിച്ചാലും ഏതൊക്കെ കള്ളങ്ങൾ മനസിലായാലും സാമൂഹിക മാദ്ധ്യമ പോസ്‌റ്റുകളിലോ സ്‌റ്റാറ്റസസ് അപ്ഡേഷനിലോ ഒതുക്കുന്ന പ്രതിഷേധത്തിന് അപ്പുറം പ്രവേശിക്കാൻ നമുക്ക് സമയം ഇല്ലാതായിരിക്കുന്നു. ഈ അവസ്‌ഥ അപകടമാണ്.
ഊർജ്‌ജ സുരക്ഷയാവട്ടെ, എൽപിജി സംഭരണമാകട്ടെ ഇവ വെറും ഉപരിതലത്തിലെ വാക്കുകളല്ല. അത് ഒരു സമഗ്ര സംവിധാനം ആണ്. ഇറക്കുമതിയിലെ സൂക്ഷ്‌മതയുള്ള വൈവിധ്യം, തന്ത്രപരമായ സംഭരണങ്ങൾ, നവീന ഊർജ്‌ജ വികസനം, ആഭ്യന്തര ഉൽപാദനം, കാര്യക്ഷമമായ വിതരണ ശൃംഖല, ദീർഘവീക്ഷണമുള്ള നയതന്ത്രബന്ധങ്ങൾ എന്നിങ്ങനെ വിവിധ കണ്ണികൾ സൂക്ഷ്‌മതയോടെ വിന്യസിച്ചിട്ടുള്ള സമഗ്രസംവിധാനമാണ്. ഇവയിൽ ഏതെങ്കിലും ഭാഗം ദുർബലമായാൽ, ചെറിയ ആഗോള സംഘർഷം പോലും വലിയ ആഭ്യന്തര പ്രതിസന്ധി സൃഷ്‌ടിക്കും എന്നത് ഇപ്പോൾ നമുക്ക് കൂടുതൽ തെളിവുകൾ ആവശ്യമില്ലാത്ത, മുന്നിലുള്ള യാഥാർഥ്യമാണ്.
അതുകൊണ്ടു തന്നെ, കൂടുതൽ കൂടുതൽ പൊള്ളയായികൊണ്ടിരിക്കുന്ന നമ്മുടെ സിസ്‌റ്റം കറക്റ്റ് ചെയ്യാനുള്ള ചോദ്യങ്ങൾ നമ്മിൽ നിന്ന് ഉയരേണ്ടിയിരിക്കുന്നു. ഇന്ത്യയ്‌ക്ക് എത്ര ദിവസത്തെ എൽപിജി സംഭരണം ഉണ്ട്? ഇറക്കുമതി തടസപ്പെട്ടാൽ എന്താണ് പദ്ധതി? ഊർജ്‌ജ വൈവിധ്യം എത്രമാത്രം കൈവരിച്ചിട്ടുണ്ട്? ഒരുപ്രതിസന്ധി വന്നാൽ മെഡിക്കൽ മേഖല ഉൾപ്പടെയുള്ള അടിസ്‌ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നമ്മുടെ അവസ്‌ഥ എവിടെയെത്തി നിൽക്കുന്നു? ഇത്തരം ചോദ്യങ്ങൾ പൊതുചർച്ചയിൽ ശക്‌തമായി വരാതെ പോകുമ്പോൾ ദീർഘകാല, നയപരമായ സമ്മർദ്ദം ഭരണകൂടങ്ങളിൽ ഉണ്ടാകില്ല.
പ്രത്യേകിച്ചും, ലോക രാഷ്‌ട്രീയത്തിലെ മാറ്റങ്ങൾ വേഗത്തിൽ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ രാജ്യവും ജനതയും കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ ശക്‌തി അതിന്റെ സാമ്പത്തിക വളർച്ചയിലും സൈനിക ശേഷിയിലും മാത്രം അളക്കാനാകില്ല. പ്രതിസന്ധികളെ മുൻകൂട്ടി കണക്കാക്കാനും അതിനെ പരിഭ്രാന്തിയില്ലാതെ നേരിടാനുമുള്ള ദീർഘവീക്ഷണത്തിലാണ് അതിന്റെ യഥാർഥ ശക്‌തി.
ചില പ്രധാന കണക്കുകൾ:
- ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ ഏകദേശം 85% ഇറക്കുമതിയാണ്
- പ്രകൃതി വാതക ആവശ്യത്തിന്റെ ഏകദേശം 45–50% ഇറക്കുമതിയിലൂടെ
- ലോകത്തിലെ രണ്ടാമത്തെ വലിയ LPG ഉപഭോക്‌താവാണ് ഇന്ത്യ
- ഇന്ത്യയിൽ 30 കോടിയിലധികം കുടുംബങ്ങൾ LPG ഉപയോഗിക്കുന്നു
- സൗദി അറേബ്യ, യുഎഇ, ഖത്തർ,കുവൈത്ത്, ഇറാഖ് എന്നിവരാണ് പ്രധാന വിതരണക്കാർ
MOST READ | ദയാവധം അനുവദിച്ച് സുപ്രീം കോടതി; രാജ്യത്ത് ആദ്യം





































