മലപ്പുറം: മാട്രിമോണിയൽ ആപ് വഴി വിവാഹ തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ യുവാവിനെതിരെ നിരവധി പരാതികൾ. മാട്രിമോണിയൽ വഴി പരിചയം സ്ഥാപിച്ച് സ്വർണവും പണവും കവർന്ന കേസിൽ ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാർഡ് പൂവത്ത് വീട്ടിൽ അസറുദ്ദീനാണ് അറസ്റ്റിലായത്. മലപ്പുറം കരുവാരക്കുണ്ട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഓൺലൈനിൽ റമ്മി കളിക്കാൻ വേണ്ടിയാണ് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് ഇയാൾ നോട്ടമിട്ടിരുന്നത്. സ്വന്തമായി ഹെയർ കെയർ കമ്പനിയുണ്ടെന്നും അവിവാഹിതനാണെന്നും പറഞ്ഞാണ് സ്ത്രീകളുമായി പരിചയം സ്ഥാപിക്കുന്നത്. സ്വന്തം തിരിച്ചറിയൽ രേഖ കൈമാറുകയും വീഡിയോ കോൾ വഴി സംസാരിക്കുകയും ചെയ്ത് വിശ്വാസം പിടിച്ചുപറ്റും. പിന്നാലെയാണ് സ്വർണവും പണവും ആവശ്യപ്പെടുക.
കരുവാരക്കുണ്ടിലെ ഒരു യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പരാതിക്കാരിയിൽ നിന്ന് ഒൻപത് പവനും 85000 രൂപയുമാണ് അസറുദ്ദീൻ കൈക്കലാക്കിയത്. പ്രതി ആലപ്പുഴ, തലശേരി, തൃക്കരിപ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ നിന്നായി നാല് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Most Read: അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്ത് 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ








































