കാഞ്ഞങ്ങാട്: തിരക്കേറിയ പൊതുസ്‌ഥലങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ടൗണുകളും ഇതര പ്രദേശങ്ങളും ഉൾപ്പടെ സമ്പർക്കരോഗികൾ വർധിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും അണുനശീകരണം നടത്തി സേവന വഴിയിൽ സജീവമാകുകയാണ് കാഞ്ഞങ്ങാട് സോൺ എസ്‌വൈഎസ്‍ സാന്ത്വനം അംഗങ്ങൾ.
സോൺ പ്രസിഡണ്ട് മഹമൂദ് അംജദി പുഞ്ചാവി, സാന്ത്വനം സെക്രട്ടറി സുബൈർ പടന്നക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് പരിസരത്തെ മുഴുവൻ പ്രദേശങ്ങളിലും സജീവമായി സാന്ത്വനം ഇടപെടുന്നത്. പ്രവർത്തകരെല്ലാവരും ഏത് സമയത്തും ഏത് സാമൂഹികാവശ്യത്തിനും സജ്‌ജമാണിവിടെ.
ലോക്ക്ഡൗൺ കാരണവും മറ്റു കോവിഡ്‌കാല പ്രതിസന്ധികൾ മൂലവും പുറത്തിറങ്ങാൻ സാധിക്കാതെ വീട്ടിൽ കഴിയുന്നവർക്ക് ആവശ്യമായ മരുന്നുകളും ഭക്ഷ്യവസ്‌തുക്കളും എത്തിച്ചു നൽകുന്നതിലും, രോഗികളെ അതാത് ആശുപത്രികളിൽ എത്തിക്കാനുള്ള ആംബുലൻസ്, വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും പ്രദേശത്തെ സാന്ത്വനം അംഗങ്ങൾ നൂറുകണക്കിന് ആളുകൾക്ക് സഹായമായിട്ടുണ്ട്.
ആരോഗ്യമേഖലയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്‌ഥരും ആശുപത്രി അധികൃതരും ജനപ്രതിനിധികളും ഉൾപ്പടെ എല്ലാ മേഖലയിൽ നിന്നുള്ള ആളുകളും സാന്ത്വനം അംഗങ്ങളെ സഹായത്തിനായി വിളിക്കും. അത് ഞങ്ങളിലുള്ള വിശ്വാസത്തിലാണ്. പ്രതിസന്ധികാലത്ത് ഇത്തരം സാമൂഹിക പ്രവർത്തികളിൽ ഏർപ്പെടുകയും പൊതു സമൂഹത്തിന് തണലാകുകയും ചെയ്യേണ്ടത് ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ഓരോ വിശ്വാസികളുടെയും ബാധ്യതയാണ്; സംഘടന വ്യക്‌തമാക്കി.
ക്വാറന്റെയ്‌നിലും നിരീക്ഷണത്തിലും കഴിയുന്ന രോഗികൾക്ക് ആവശ്യമായ മുഴുവൻ സഹായങ്ങൾ ചെയ്യുന്നതിലും, കോവിഡ് മൂലം മരണപ്പെടുന്നവരുടെ മൃതശരീരങ്ങൾ മതാചാര പ്രകാരം കർമങ്ങൾ ചെയ്‌ത് മറവ് ചെയ്യുന്നതിലും വിവിധ മേഖലകളിൽ നടത്തുന്ന ഭക്ഷണവിതരണം, വാക്‌സിനേഷൻ സഹായങ്ങൾ ചെയ്യുന്നതിലും ‘എസ്‌വൈഎസ്‍ സാന്ത്വനം‘ അംഗങ്ങളുടെ സേവനം മലബാറിലെങ്ങും പ്രശംസനീയമാണ്.
Most Read: സ്‌റ്റാന്‍ സ്വാമിയുടെ മരണം ജാമ്യം പരിഗണിക്കവേ; നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി





































