വാഷിംഗ്‌ടൺ: യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റ പങ്കാളിത്തത്തോടെ ബയോടെക്‌നോളജി കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുക്കുന്ന കോവിഡ് വാക്‌സിൻ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് എത്തിയേക്കില്ലെന്ന് റിപ്പോർട്ട്. നവംബർ 25ന് ശേഷമേ കൊറോണ വൈറസ് വാക്‌സിൻ ഉപയോഗത്തിനുള്ള അനുമതി തേടുകയുള്ളൂവെന്ന് മൊഡേണ സിഇഒയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്‌തു. 2021ഓടെ മാത്രമേ മൊഡേണ വാക്‌സിൻ വിതരണത്തിന് എത്തുകയുള്ളൂവെന്നും സിഇഒ സ്റ്റീഫൻ ബാൻസെൽ പറഞ്ഞു.
ആരോഗ്യപ്രവർത്തകരിലും അപകട സാധ്യത കൂടുതലുള്ള രോഗികളിലും നവംബർ 25നു മുമ്പ് വാക്‌സിൻ പരീക്ഷിക്കുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ് ഡി എ) അടിയന്തര അനുമതി കമ്പനി തേടില്ല. 2021 ജനുവരിക്ക് മുമ്പ് പൊതുജനങ്ങളിൽ വാക്‌സിൻ ഉപയോഗിക്കുന്നതിനും എഫ് ഡി എയുടെ അനുമതി തേടില്ല. വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞാൽ, മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ അംഗീകാരം ലഭിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
National News: കാര്‍ഷിക ബില്‍; പഞ്ചാബില്‍ നിന്നും ‘കിസാന്‍ യാത്ര’ നടത്താന്‍ കോണ്‍ഗ്രസ്
തെരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് വാക്‌സിൻ എത്തിക്കുമെന്നത് ട്രംപിന്റെ പ്രചാരണ വിഷയങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, മൊഡേണയുടെ തീരുമാനം ട്രംപിന് തിരിച്ചടി ആയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 3ന് മുമ്പ് കോവിഡ് വാക്‌സിൻ വിതരണത്തിന് എത്തിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. സെപ്റ്റംബർ 16ന് പെൻസിൽവാനിയയിൽ വച്ച് വോട്ടർമാരുമായി നടന്ന ചോദ്യോത്തര പരിപാടിയിൽ വാക്‌സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കുമെന്ന അവകാശ വാദം ട്രംപ് നടത്തിയിരുന്നു.
Kerala News: സ്വര്‍ണക്കടത്ത് കേസ്; കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്