തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസുമായി ബന്ധപ്പെട്ട് എംഎൽഎ കാരാട്ട് റസാക്കിന്റെ പേര് കൂടി പുറത്ത് വന്നതോടെ എൽഡിഎഫ് നേതൃത്വത്തിന്റെ ചങ്കിടിപ്പ് വർധിക്കുകയാണെന്ന് മുല്ലപ്പള്ളി പറയുന്നു. അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാൻ കടുത്ത പരിശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിനുവേണ്ടിയാണ് സിബിഐ അന്വേഷണം മുൻകാല പ്രാബല്യത്തോടെ തടയാൻ സിപിഐഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ എം.ശിവശങ്കറിനെ കസ്‌റ്റഡിയിൽ എടുക്കാത്തതും ലൈഫ്‌മിഷൻ കേസിൽ പദ്ധതിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയെ അന്വേഷണ പരിധിയിൽ കൊണ്ടുവരാത്തതും ഇതിന് ഉദാഹരണമായി മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ശിവശങ്കറിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള എല്ലാ തെളിവുകളും കേന്ദ്ര ഏജൻസികളുടെ പക്കലുണ്ടെങ്കിലും അവർ അതിന് തയാറാകുന്നില്ല. മാത്രമല്ല, ശിവശങ്കറിന് മുൻകൂർ ജാമ്യം തേടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്‌തു. ലൈഫ് മിഷൻ കേസിലും സമാനമായ അവസ്‌ഥ തന്നെയാണ്. മുഖ്യമന്ത്രിക്ക് രക്ഷപെടാനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണ് കേന്ദ്ര ഏജൻസികൾ ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഒറ്റപ്പെട്ട ചില അറസ്‌റ്റുകളൊഴിച്ചാൽ സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നില്ല. കാരാട്ട് റസാക്കിനെതിരായ മൊഴി ഉണ്ടായിട്ടും അതേകുറിച്ച് അന്വേഷിക്കാനോ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ കസ്‌റ്റംസ് തയാറായില്ല. ഇത് ബിജെപിയും സിപിഐഎമ്മും ദേശീയ തലത്തിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്‌ഥാനത്തിലാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഭരണതലത്തിൽ സംഭവിച്ച ജീർണത അന്വേഷണ ഏജൻസികളെയും ബാധിച്ചത് കൊണ്ടാണ് നടപടിക്രമങ്ങളിൽ നിന്ന് അവർ പിന്നോട്ട് പോകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Also Read: നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചത്; കെകെ ശൈലജ







































