കൊല്ലം: കൊല്ലം മണ്‍റോത്തുരുത്തില്‍ പാർട്ടി പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അഞ്ചു പഞ്ചായത്തുകളിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തു. മണ്‍റോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ.
ഞായറാഴ്‌ച രാത്രി സിപിഎം പാർട്ടി ഓഫീസിന് സപീപത്തുവച്ചാണ് മണ്‍റോത്തുരുത്ത് വില്ലിമംഗലം നിഥിപാലസിൽ മയൂഖം റിസോർട്ട് ഉടമ മണിലാലിന് വെട്ടേറ്റത്. നാട്ടുകാരൻ തന്നെയായ അശോകൻ വാക്കുതർക്കത്തിനിടെ മണിലാലിനെ കുത്തുകയായിരുന്നു. ഉടൻ തന്നെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ തുപ്പാശ്ശേരി അശോകന്‍, പനക്കത്തറ സത്യന്‍ എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. എന്നാൽ കൊലപാതകവുമായി ബന്ധമില്ലെന്നും വ്യക്‌തിപരമായ കാരണങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു.
കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്നാണ് പോലീസ് പറഞ്ഞു. സംഭവം രാഷ്‌ട്രീയ പ്രേരിതമാണോയെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്‌തമാകൂ എന്നും കേസ് അന്വേഷിക്കുന്ന ഈസ്‌റ്റ് കല്ലട പോലീസ് അറിയിച്ചു. പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളാണ് പ്രതിയായ അശോകൻ. കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് കൊല്ലം റൂറൽ എസ്‌പി ആർ ഇളങ്കോ പറഞ്ഞു.
Also Read: ഇഡി അന്വേഷണം; രേഖകൾ ഇന്ന് ഹാജരാക്കുമെന്ന് ഊരാളുങ്കൽ സൊസൈറ്റി








































