ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും. കർണാടക, ബിഹാർ, അസം, ചണ്ഡീഗഢ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, ഡെൽഹി എന്നീ സംസ്‌ഥാനങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിനേഷൻ, ഗ്രാമീണ മേഖലകളിലെ കോവിഡ് സാഹചര്യം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തും. കോവിഡിനെതിരായ പോരാട്ടത്തിൽ മികച്ച പ്രവർത്തനം കാഴ്‌ച വെക്കുന്ന സംസ്‌ഥാനങ്ങളുണ്ട്. അത്തരം പ്രവർത്തനങ്ങളെ യോഗത്തിൽ പ്രോൽസാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read also: മഹാരാഷ്‌ട്ര പോലീസ് ഗൂഢാലോചന നടത്തുന്നു; പരംബീർ സിംഗ് സുപ്രീം കോടതിയിൽ