മലപ്പുറം: എടപ്പാളിൽ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരുമണിക്കൂറോളം റോഡരികിൽ നിർത്തിയ സംഭവത്തിൽ പ്രധാനാധ്യാപകന് നോട്ടീസ്. മലപ്പുറം എടപ്പാൾ തുയ്യം ഗവ. എൽപി സ്കൂളിലെ പ്രധാനാധ്യാപകനായ സേതുമാധവൻ കാടാട്ടിനാണ് മലപ്പുറം ഡിഡിഇ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സ്കൂളിലെ കുട്ടികളെ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് റോഡരികിൽ നിർത്തിയത്. നവകേരള സദസുമായി ബന്ധപ്പെട്ടു വിദ്യാർഥികളെ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം പാലിച്ചില്ലെന്നും വിദ്യാർഥികളെ റോഡിലിറക്കിയത് ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണെന്നും നോട്ടീസിലുണ്ട്. ഇതുമായി ബന്ധപ്പെട്ടു ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് മലപ്പുറം ഡിഡിഇ പുറത്തിറക്കിയ കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കുന്നത്.
സ്കൂൾ കുട്ടികളെ നവകേരളാ സദസിൽ പങ്കെടുപ്പിക്കണമെന്ന് മലപ്പുറം ഡിഡിഇയുടെ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഇന്ന് രാവിലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കുട്ടികളെ ചൂഷണം ചെയ്യാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പരാമർശിച്ച കോടതി, ഡിഡിഇയുടെ ഉത്തരവിനെതിരായ ഹരജിയിലെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മലപ്പുറം എടപ്പാളിലെ സംഭവവും.
Most Read| പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു; ഏഴെണ്ണം രാഷ്ട്രപതിക്ക് വിട്ടു