കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരാഴ്‌ച ആസൂത്രണം ചെയ്‌താണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഒക്‌ടോബർ ഒന്നിനാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷ എഴുതാനെത്തിയ വൈക്കം സ്വദേശിയായ നിഥിന മോള്‍ ദാരുണമായി കൊല്ലപ്പട്ടത്. നിഥിന മുന്‍ കാമുകനുമായി വീണ്ടും അടുത്തുവെന്ന സംശയമാണ് പ്രതിയായ അഭിഷേക് ബൈജുവിനെ കഴുത്തറുത്ത് കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രം പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ അഭിഷേക് കൊല നടത്തുകയായിരുന്നു.
ഒരാളെ എങ്ങനെ വേഗത്തിൽ കൊല്ലാമെന്നതും ഏത് ഞരമ്പ് മുറിക്കണമന്നതും വെബ്‌സൈറ്റുകളിലൂടെ പ്രതി നേരത്തെ തന്നെ മനസിലാക്കി. ഇതിനായി 50ല്‍പരം വീഡിയോകള്‍ കണ്ടു. ചെന്നൈയിലെ പ്രണയക്കൊലയുടെ വിശദാംശത്തെ കുറിച്ചുള്ള വീഡിയോ പലതവണ അഭിഷേക് കണ്ടുവെന്നും കുറ്റപത്രം പറയുന്നു.
കൃത്യം നിർവഹിക്കാൻ പുതിയ ബ്‌ളേഡ് വാങ്ങി. 80 സാക്ഷികളാണ് കേസിലുള്ളത്. ഫോറന്‍സിക് വിദഗ്‌ധരുടെ റിപ്പോര്‍ട്ടുകള്‍ ഉൾപ്പടെ 48 രേഖകളും കുറ്റപത്രത്തോടൊപ്പം പോലീസ് ഹാജരാക്കി. നിഥിന മോള്‍ കേസില്‍ നൂറിലധികമാളുകളില്‍ നിന്ന് പോലീസ് വിശദമായി മൊഴിയെടുത്തിരുന്നു.
Most Read: കിഴക്കമ്പലം കിറ്റക്‌സിലെ അതിഥി തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചു