കോട്ടയം: പാലായിലെ നിഥിന കൊലപാതക കേസിൽ പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോളേജ് പരിസരത്ത് കൃത്യം നടത്തിയ സ്‌ഥലവും കൊലപാതകത്തിന് ശേഷം പോയി ഇരുന്ന സ്‌ഥലങ്ങളും അഭിഷേഖ് പോലീസിനോട് വിശദീകരിച്ചു. പ്രതിയെ ഒരു ദിവസത്തേക്ക് കസ്‌റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
ആസൂത്രിതമായ കൊലപാതകമായിരുന്നു നിഥിനയുടേത് എന്ന സൂചന പ്രതിയുടെ മൊഴിയിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്‌ഥനായ പാലാ സിഐയുടെ നേതൃത്വത്തിൽ അഭിഷേഖിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഇന്ന് ഹാജരാക്കും.
നിഥിനയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബ്‌ളേഡ് ഒരാഴ്‌ച മുൻപ് വാങ്ങിയതാണെന്ന് അഭിഷേഖ് പോലീസിനോട് സമ്മതിച്ചിരുന്നു. പേപ്പർ കട്ടറിലെ പഴയ ബ്‌ളേഡ് മാറ്റി പുതിയതിട്ടാണ് അഭിഷേഖ് എത്തിയത്. നേരത്തെ നിഥിനയുടെ അമ്മയ്‌ക്കടക്കം ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്. ബ്‌ളേഡ് വാങ്ങിയ കടയിലും അഭിഷേഖിനെ എത്തിച്ച് ഇന്ന് തന്നെ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read also: പ്രണയബന്ധം; യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു