കവരത്തി: വികസനകാര്യങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്താൻ ലക്ഷദ്വീപിൽ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം. അമിനി ദ്വീപിലെത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്കരിച്ചു. മറ്റ് ദ്വീപുകളിലും ഉദ്യോഗസ്ഥരെ പ്രതിഷേധമറിയിച്ചു.
ഓരോ ദ്വീപിലും പ്രത്യേകം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നല്‍കിയാണ് വികസന കാര്യങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്താന്‍ ലക്ഷദ്വീപ് ഭരണകൂടം ശ്രമിക്കുന്നത്. ദ്വീപുകളില്‍ താമസിച്ച് ജനങ്ങളെ ബോധവാൻമാരാക്കണം എന്നാണ് ഇവർക്കുള്ള നിര്‍ദ്ദേശം. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ഭരണകൂടത്തിന്റെ നീക്കം.
അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജൂൺ 7ആം തീയതി 12 മണിക്കൂർ നിരാഹാര സമരം അനുഷ്ഠിക്കാൻ തീരുമാനിച്ചതായി ‘സേവ് ലക്ഷദ്വീപ് ഫോറം’ വ്യക്തമാക്കി. പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റ് ദ്വീപുകളിലും ‘സേവ് ലക്ഷദ്വീപ് ഫോറ’ത്തിന്റെ സബ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്.
Also Read: ബിജെപിയുടേത് ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തി; എ വിജയരാഘവൻ







































