തിരുവനന്തപുരം: ആദ്യ ഒമൈക്രോൺ കേസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതിജാഗ്രത. ഒമൈക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശി എത്തിയ എത്തിഹാദ് വിമാനത്തിലെ സഹയാത്രികർ ആർടിപിസിആർ പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. രോഗബാധിതന്റെ ബന്ധുക്കളുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ഉടൻ വരുമെന്നാണ് പ്രതീക്ഷ.
ഒമൈക്രോൺ സ്ഥിരീകരിച്ച 39കാരന്റെ ആരോഗ്യനില തൃപ്തികരമാണ്. ആറാം തീയതി യുകെയിൽ നിന്ന് അബുദാബി വഴി എത്തിഹാദ് ഇവൈ 280 വിമാനത്തിലാണ് ഇദ്ദേഹം കൊച്ചിയിൽ എത്തിയത്. കേന്ദ്രസർക്കാർ മാനദണ്ഡ പ്രകാരം കേരളത്തിൽ എത്തിയതിന്റെ എട്ടാം ദിവസമായ ഇന്ന് വിമാനത്തിലെ സഹയാത്രികർ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം.
രോഗിയുടെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതൽ 32 വരെ സീറ്റുകളിൽ ഉണ്ടായിരുന്നവർ ഹൈ റിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. പ്രാദേശിക സമ്പർക്ക പട്ടികയിൽ ഉള്ളത് ഇദ്ദേഹത്തിന്റെ ടാക്സി ഡ്രൈവറും ഭാര്യാ മാതാവും മാത്രമാണ്. ഒപ്പം യാത്ര ചെയ്ത ഭാര്യയ്ക്കും മാതാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
Also Read: മുഖ്യമന്ത്രിയുമായി സംവാദത്തിനില്ല, നിലപാട് ആവർത്തിച്ച് ഗവർണർ