ബിഎഫ് 7; രാജ്യം അതീവ ജാഗ്രതയിൽ- കേസുകൾ വർധിച്ചാൽ നിയന്ത്രണം

അതിതീവ്ര വ്യാപന ശേഷിയുള്ള ഉപവകഭേദമായ ബിഎഫ് 7 ഒരാളിൽ നിന്നും 18 പേരിലേക്ക് വരെ രോഗം പടർത്താൻ ശേഷിയുള്ളതാണ്. ചൈന കൂടാതെ യുകെ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് ഈ വകഭേദമാണ്. സാധാരണ കോവിഡ് ലക്ഷണങ്ങൾ കൂടാതെ ഛർദിയും വയറിളക്കവും ഈ വൈറസിന്റെ ലക്ഷണങ്ങളാണ്

By Trainee Reporter, Malabar News
covid-india
Representational Image
Ajwa Travels

ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. സംസ്‌ഥാനങ്ങളിൽ കർശന ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ച് പ്രതിരോധം ശക്‌തമാക്കി. കൂടുതൽ കേസുകൾ സ്‌ഥിരീകരിച്ചാൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്രം.

അതേസമയം, കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ തൽക്കാലം മാറ്റമില്ല. അടുത്ത ആഴ്‌ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്‌ഥാന മന്ത്രിമാരുടെ യോഗവും ചേരും. വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയാണ് നിലവിൽ ആരംഭിച്ചത്. എന്നാൽ, രാജ്യാന്തര യാത്രക്കുള്ള എയർ സുവിധ ഫോം തൽക്കാലം തിരിച്ചു കൊണ്ടുവരില്ല.

വിമാനത്താവളങ്ങളിലെ പരിശോധനാ ഫലം ആദ്യം വിലയിരുത്തും. ഉൽസവ സമയങ്ങളിൽ ജാഗ്രതയ്‌ക്ക് വീണ്ടും നിർദ്ദേശം നൽകും. ചൈനയിൽ സ്‌ഥിരീകരിച്ച ഒമൈക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ഇന്ത്യയിലും സ്‌ഥിരീകരിച്ചതോടെയാണ് രാജ്യത്ത് ജാഗ്രതാ നിർദ്ദേശം കർശനമാക്കിയത്. ഗുജറാത്തിലെ രണ്ടു രോഗികൾക്കും ഒഡിഷയിൽ ഒരാൾക്കുമാണ് രോഗം ബാധിച്ചത്.

സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ ജനിതക ശ്രേണീകരണത്തിനുള്ള സംവിധാനം ശക്‌തിപ്പെടുത്താൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. പുതിയ വകഭേദങ്ങൾ കണ്ടെത്താനാണിത്. ഇതിനായി എല്ലാ കോവിഡ് 19 കേസുകളുടെയും സാമ്പിളുകൾ ജനിതക ശ്രേണീകരണ ലബോറട്ടറികളിലേക്ക് സംസ്‌ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ദിവസേന അയക്കണം. ബിഎഫ് 7 ന്റെ വ്യാപനം നിരീക്ഷിച്ച ശേഷമായിരിക്കും നിയന്ത്രണം ഇനി കടുപ്പിക്കാനോ എന്നതിൽ തീരുമാനം എടുക്കുക.

ബൂസ്‌റ്റർ ഡോസ് വാക്‌സിൻ വിതരണം വേഗത്തിലാക്കാനും കേന്ദ്ര സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. അതേസമയം, കേന്ദ്ര നിർദ്ദേശത്തിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളിലും ജാഗ്രത കർശനമാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഡെൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് പ്രത്യേക യോഗം ചേരുന്നുണ്ട്. ഗുജറാത്തിൽ കഴിഞ്ഞ മാസം ബിഎഫ് 7 സ്‌ഥിരീകരിച്ച പെൺകുട്ടിക്ക് രോഗം ഭേദമായെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സൂറത്ത് മുനിസിപ്പൽ കമ്മീഷണർ അറിയിച്ചു.

അതിനിടെ, 12,000ത്തിലധികം കിടക്കകൾ സജ്‌ജീകരിച്ചതായി ജാർഖണ്ഡ് ആരോഗ്യമന്ത്രി അറിയിച്ചു. യുപിയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ആരോഗ്യപ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കേരളവും ജാഗ്രതയിലാണ്. ജാഗ്രത വേണമെന്നും എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്‌തമാക്കണമെന്നും മന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്ത് നിലവിൽ കോവിഡ് കേസുകള്‍ വളരെ കുറവാണ്.

ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് റിപ്പോർട് ചെയ്‌തതിട്ടുള്ളത്. ആശുപത്രികളില്‍ ചികിൽസയിലുള്ള രോഗികളും വളരെ കുറവാണ്. പക്ഷെ, ജാഗ്രത അനിവാര്യമാണ് -സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിൽ മന്ത്രി പറഞ്ഞു. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിൽസ തേടണം. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്തിടപഴകരുത്. കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിൽസ തേടേണ്ടതുമാണ്.‘ -മന്ത്രി വിശദീകരിച്ചു.

ഇതിനിടെ, ചൈനയിൽ കോവിഡ് ബാധിച്ചവരെക്കൊണ്ട് ആശുപത്രികൾ നിറയുന്നതായി ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. അതിതീവ്ര വ്യാപന ശേഷിയുള്ള ഉപവകഭേദമായ ബിഎഫ് 7 ഒരാളിൽ നിന്നും 18 പേരിലേക്ക് വരെ രോഗം പടർത്താൻ ശേഷിയുള്ളതാണ്. ചൈന കൂടാതെ യുകെ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് ഈ വകഭേദമാണ്. സാധാരണ കോവിഡ് ലക്ഷണങ്ങൾ കൂടാതെ ഛർദിയും വയറിളക്കവും ഈ വൈറസിന്റെ ലക്ഷണങ്ങളാണ്.

Most Read: കോവിഡ് മുന്‍കരുതല്‍ വീണ്ടും; ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE