ലണ്ടന്‍: ഓക്‌സ്‌ഫോർഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ആഴ്‌ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലൂടെയാണ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
ഇതുവരെ ലഭിച്ച പ്രാഥമിക വിവരങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പരീക്ഷണാത്‍മക ഡോസ് പ്രായമായവരിലും മികച്ച രോഗപ്രതിരോധം ഉളവാക്കുന്നതായാണ് സ്‌ഥിരീകരണം. പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി സൃഷ്‌ടിക്കുമെന്ന് ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ടില്‍ വ്യക്‌തംമാക്കിയിരുന്നു. 70 വയസ്സിന് മുകളിലുള്ള 240 പേരുള്‍പ്പെടെ 560 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചിരുന്നത്.
ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ഫൈസറിന്റെ വാക്‌സിന് ഒപ്പമെത്താന്‍ ആസ്ട്ര- ഓക്‌സ്‌ഫോർഡ് വാക്‌സിന് കഴിയുമോ എന്ന് കാണിക്കുന്ന അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ക്ക് ഗവേഷകര്‍ ഇപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫൈസറിന്റെ വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്നാണ് കണ്ടെത്തിയത്.
Also Read: പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ഹരജി: സംസ്‌ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
ഡിംസബറോടെ വാക്‌സിന് വിതരണത്തിന് സജ്ജമാകുമെന്നാണ് ഫൈസറിന്റെ പ്രഖ്യാപനം. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്‌മിനിസ്ട്രേഷന്റെ അംഗീകരത്തിന് വേണ്ടിയുള്ള ശ്രമത്തിലാണ് നിലവില്‍ ഫൈസറുള്ളത്. മറ്റൊരു യുഎസ് കമ്പനിയായ മൊഡേണയുടെ വാക്‌സിനും പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്.