തിരുവനന്തപുരം: പ്രതീക്ഷകൾക്കും ഊഹാപോഹങ്ങൾക്കും പര്യവസാനം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയം ഉറപ്പിച്ചു. രാഹുലിന് നിലവിൽ 18,840 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നാല് ലക്ഷം പിന്നിട്ടു. 4,04,619 വോട്ടിന്റെ ലീഡാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കുള്ളത്. തുടക്കം മുതൽ വ്യക്‌തമായ ലീഡ് നിലനിർത്തിയായിരുന്നു പ്രിയങ്കയുടെ മുന്നേറ്റം. ചേലക്കരയിൽ എൽഡിഎഫ് സ്‌ഥാനാർഥി യുആർ പ്രദീപും വിജയം ഉറപ്പിച്ചുകഴിഞ്ഞു. പ്രദീപിന് 12,122 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.
വയനാട്ടിൽ വ്യക്‌തമായ ആധിപത്യം കാഴ്‌ചവെച്ചായിരുന്നു തുടക്കം മുതൽ പ്രിയങ്കയുടെ തേരോട്ടം. പാലക്കാട് ത്രില്ലടിപ്പിച്ചു ലീഡ് നില മാറിമറഞ്ഞെങ്കിലും ഒടുവിൽ വമ്പൻ വിജയത്തിലേക്ക് രാഹുലെത്തി. ഷാഫിയുടെ ഭൂരിപക്ഷം മറികടന്നാണ് രാഹുലിന്റെ വിജയമെന്നത് ശ്രദ്ധേയം.
പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്ന യുഡിഎഫിന്റെ പ്രതീക്ഷ ഇതോടെ പൂവണിഞ്ഞു. എന്നാൽ, കോൺഗ്രസ് വിട്ട് വന്ന പി സരിനിലൂടെ ഏറെക്കാലത്തിന് ശേഷം മണ്ഡലം പിടിക്കാമെന്ന എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. നേമത്തിന് ശേഷം കൃഷ്‌ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷയും ഇതോടെ അസ്‌തമിച്ചു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!