പാലക്കാട്: കള്ളപ്പണ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ വിശദീകരണവുമായി എഎസ്പി അശ്വതി ജി.ജി. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഎസ്പി അറിയിച്ചു. പരിശോധനക്ക് നിയമപ്രകാരം പോലീസിന് അവകാശമുണ്ടെന്നും എഎസ്പി പറഞ്ഞു.
”മുറിയിൽ സ്ത്രീയാണ് ഉള്ളതെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ അവരോട് പുറത്തിറങ്ങാൻ പറയാം. പരിശോധനാ സംഘത്തിൽ എപ്പോഴും വനിതാ പോലീസ് ഉണ്ടാകണമെന്നില്ല. പരിശോധനക്ക് തയ്യാറല്ലെന്നാണ് വനിതാ നേതാക്കൾ പറഞ്ഞത്. വനിതാ ഉദ്യോഗസ്ഥ വന്നശേഷമാണ് മുറിയിൽ പരിശോധന നടത്തിയത്”- എഎസ്പി പറഞ്ഞു.
പരിശോധനയ്ക്ക് തടസമൊന്നും ഉണ്ടായില്ല. പരിശോധനയുടെ പട്ടിക കൈമാറി. ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചു. എല്ലാ പാർട്ടികളുടെയും നേതാക്കൾ താമസിച്ച മുറികൾ പരിശോധിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാൽ ഹോട്ടലിലെ സിസിടിവികൾ പരിശോധിക്കുമെന്നും എഎസ്പി കൂട്ടിച്ചേർത്തു.
കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ അർധരാത്രി 12.10ഓടെ ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും താമസിച്ച മുറികളിൽ ഉൾപ്പടെ പോലീസ് പരിശോധന നടത്തിയത്. വളരെ മോശമായ കാര്യമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഷാനിമോൾ ഉസ്മാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ട്. സ്ത്രീയെന്ന രീതിയിൽ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായതെന്നും ഷാനിമോൾ പറഞ്ഞു. സ്ത്രീകളെന്ന രീതിയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Most Read| സ്വപ്നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ










































