കോഴിക്കോട്: സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിന് കോഴിക്കോട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അടക്കമുള്ളവരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ നടക്കാവ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ജില്ലയിലെ പൗരപ്രമുഖരുമായി നടത്തുന്ന വിശദീകരണ യോഗത്തിനാണ് മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് എത്തിയത്.
അതേസമയം, കോഴിക്കോട് ബീച്ചിന് സമീപമുള്ള ഹോട്ടല്‍ സമുദ്രയിൽ നടക്കുന്ന വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ചുമായി കെ റെയിൽ വിരുദ്ധ ജനകീയ മുന്നണി എത്തിയിരുന്നു. യോഗം നടക്കുന്ന വേദിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ-റെയില്‍ വിരുദ്ധ സമര സമിതി നേരത്തെ അറിയിച്ചിരുന്നു. സ്‌ത്രീകൾ അടക്കം അഞ്ഞൂറിലേറെ പേർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധക്കാരെ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. ഇതേ തുടർന്ന് സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
പ്രമുഖരെ അല്ല, നാട്ടിലെ പൗരന്മാരെയാണ് വിശദീകരണ യോഗത്തിലേക്ക് വിളിക്കേണ്ടതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.ഇന്ന് വൈകിട്ട് മൂന്ന് മുതലാണ് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമുദ്ര ഓഡിറ്റോറിയത്തിൽ വെച്ച് കൂടിക്കാഴ്‌ച നടത്തുന്നത്. അതേസമയം, മുഖ്യമന്ത്രി എത്തിയ പരിപാടിയിലെ തിരക്ക് കാരണം റോഡ് ബ്ളോക്കായത് ചോദ്യം ചെയ്‌ത് ബഹളം ഉണ്ടാക്കിയ ആളെ വെള്ളയിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
Most Read: യുക്രൈൻ ജനതയും റഷ്യൻ സേനയും നേർക്കുനേർ; വെടിവെപ്പ്






































