തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട ഹരജിയിൽ ലോകായുക്തയുടെ വിധി നാളെ. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്ത ഹരജിയിലാണ് വിധി. നാളെ ഉച്ചക്ക് 2.30ന് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. 2018ലാണ് കോൺഗ്രസ് നേതാവ് ആർഎസ് ശശികുമാർ ഹരജി ഫയൽ ചെയ്തത്. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെ തുടർന്ന് ഹരജിക്കാരനായ ആർഎസ് ശശികുമാർ ഹൈക്കോടതിയിൽ റിട്ട്ഹരജി ഫയൽ ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് പരാതിയിൽ തീരുമാനം എടുക്കുന്നതിന് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. വിധിന്യായം പ്രഖ്യാപിക്കുന്നതിൽ ലോകായുക്തമാരിലുണ്ടായ അഭിപ്രായ ഭിന്നതമൂലമാണ് ഹരജി മൂന്നംഗ ബെഞ്ചിന് വിട്ടത്. അതേസമയം, ലോകായുക്ത നിയമഭേദഗതി ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാൽ വിധി സർക്കാരിന് നിർണായകമാണ്.
എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന് നായരുടെ മകന് എന്‍ജിനീയറായി ജോലിയും പുറമേ എട്ടര ലക്ഷം നിധിയില്‍നിന്ന് നല്കിയതും, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരണമടഞ്ഞ സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗവും പുറമേ 20 ലക്ഷം രൂപ നല്കിയതും ഉൾപ്പടെയുള്ള ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണ് ലോകായുക്ത കോടതിക്ക് മുന്നിലെത്തിയത്.
Most Read| വീണ്ടും കടുപ്പിച്ചു കാനഡ; രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകം മുഴുവൻ അപകടത്തിൽ- ട്രൂഡോ








































