കോഴിക്കോട്: സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പിവി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. ഇതിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൊയിലാണ്ടി കോടതിയിലാണ് അപേക്ഷ നൽകുക.
കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും അഞ്ചുദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കൊലയ്ക്ക് കാരണം വ്യക്തി വിരോധമാണെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയത്. ഇക്കാര്യത്തിൽ ഉൾപ്പടെ കൂടുതൽ വ്യക്തതക്ക് വേണ്ടിയാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
അതിനിടെ, സത്യനാഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയിരുന്നു. കൃത്യം നടന്ന സ്ഥലത്തിന് അടുത്തുനിന്നാണ് കത്തി കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുരം ക്ഷേത്രോൽസവവുമായി ബന്ധപ്പെട്ട ഗാനമേള നടക്കുന്നതിനിടെയാണ് സത്യനാഥനെ പ്രതി വെട്ടിയത്. വ്യാഴാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സംഭവം.
അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. കൊയിലാണ്ടി സിഐ മെൽവിൻ ജോസിനാണ് അന്വേഷണ ചുമതല. പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. അണേല മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുൻ ചെയർപേഴ്സന്റെ ഡ്രൈവറുമായിരുന്നു പ്രതി അഭിലാഷ്. പെരുവട്ടൂർ പുറത്താന സ്വദേശിയാണ്.
Most Read| ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം