കാസര്‍കോട് : മുസ്‌ലിം ലീഗ് എംഎല്‍എ എം സി കമറുദ്ധീനെതിരെ പുതുതായി ഏഴ് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്‌തു. ചന്തേര സ്റ്റേഷനില്‍ ആറ് വഞ്ചന കേസുകളും കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ ഒരു കേസുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്‌തത്. ജ്വല്ലറി എംഡി പൂക്കോയ തങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, പയ്യന്നൂര്‍ സ്വദേശികളായ ആറ് പേരില്‍ നിന്നായി 88,55,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്ദേര സ്റ്റേഷനിലെ കേസുകള്‍. നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് ചെറുവത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ കേസ്. പുതിയ ഏഴ് കേസുകള്‍ കൂടി വന്നതോടെ എം.സി കമറുദ്ധീനെതിരെ നിലവില്‍ 63 വഞ്ചനാ കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്
ഖമറുദ്ദീനെതിരെ ക്രൈംബ്രാഞ്ച് തെളിവുകള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഉടന്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമറുദ്ധീന്റെ ജ്വല്ലറി നിക്ഷേപങ്ങളില്‍ കള്ളപ്പണം ഉണ്ടെന്ന കേസിലും ഉടന്‍ അന്വേഷണം ഉണ്ടാവും.
അതിനിടെ കമറുദ്ധീന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ട്രഷററുമായ തൃക്കരിപ്പൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പേരില്‍ 85 പേരില്‍ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങി പിന്നീട് പണമോ ലാഭ വിഹിതമോ നല്‍കാതെ വഞ്ചിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Read also: തദ്ദേശ തിരഞ്ഞെടുപ്പ്; പഞ്ചായത്തുകളില്‍ ഓരോ ബൂത്തിലും 1000 വോട്ടര്‍മാര്‍







































