കാസർഗോഡ്: സംസ്‌ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് എംസി കമറുദ്ദീൻ എംഎൽഎ. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ജ്വല്ലറിയുടെ എംഡിയുമായ പൂക്കോയ തങ്ങളെ പോലീസ് എന്തുകൊണ്ട് പിടിക്കുന്നില്ലെന്ന് എംഎൽഎ ചോദിക്കുന്നു. കേരളാ പോലീസിന് ഇക്കാര്യം വലിയ പ്രശ്‌നമാണോ എന്നും അദ്ദേഹം ചോദിച്ചു.
പിടിക്കാൻ വിചാരിച്ചാൽ പോലീസിന് പൂക്കോയ തങ്ങളെ പിടിക്കാൻ സാധിക്കും. അത്ര ദുർബലമാണോ പിണറായി വിജയന്റെ പോലീസ്. തന്നെ കുടുക്കുക എന്നത് മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യമെന്നും കമറുദ്ദീൻ പ്രതികരിച്ചു.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ നാല് പ്രതികളാണുള്ളത്. സ്‌ഥാപനത്തിന്റെ മാനേജിങ് ഡയറക്‌ടർ പൂക്കോയ തങ്ങളാണ് മുഖ്യപ്രതി. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ കമറുദ്ദീൻ എംഎൽഎ അറസ്‌റ്റിലായതോടെ അന്വേഷണം മന്ദഗതിയിലായി. പൂക്കോയ തങ്ങളുടെ മകൻ ഉൾപ്പടെയുള്ളവർ അറസ്‌റ്റിൽ നിന്ന് പുറത്തായി.
അറസ്‌റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന കമറുദ്ദീൻ എംഎൽഎക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. കമറുദ്ദീന് എതിരെയുള്ള 148 കേസുകളിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിൽ കഴിഞ്ഞിരുന്ന കമറുദ്ദീൻ മോചിതനാവുകയും ചെയ്‌തിരുന്നു.
Also Read: മൂന്ന് തവണ തുടർച്ചയായി മൽസരിച്ചവർക്ക് സീറ്റ് നൽകില്ല; സിപിഐ നിർവാഹക സമിതി