തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്ന് തവണ മൽസരിച്ചവർക്ക് ഇക്കുറി സീറ്റ് നൽകില്ലെന്ന് സിപിഐ സംസ്‌ഥാന നിർവാഹക സമിതിയിൽ ധാരണയായി. ആർക്കെങ്കിലും ഇളവ് നൽകാനോ എന്ന കാര്യം സംസ്‌ഥാന കൗൺസിൽ പരിശോധിക്കും.
നിർവാഹക സമിതിയുടെ നിർദ്ദേശം സംസ്‌ഥാന കൗൺസിൽ അംഗീകരിച്ചാൽ വിഎസ് സുനിൽ കുമാർ, കെ രാജു, ഇഎസ് ബിജിമോൾ, പി തിലോത്തമൻ, സി ദിവാകരൻ എന്നിവർ ഇത്തവണ മൽസര രംഗത്ത് ഉണ്ടാകില്ല. ഇവരിൽ ആരെങ്കിലും അവരുടെ മണ്ഡലങ്ങളിൽ അനിവാര്യമാണോ എന്ന് കൗൺസിൽ പരിശോധിക്കും. ഏതെങ്കിലും സീറ്റുകൾ പിടിച്ചെടുക്കാൻ മൂന്ന് തവണ മൽസരിച്ചവരെ ഇറക്കാണോ എന്നതും കൗൺസിൽ പരിഗണിക്കും.
സ്‌ഥാനാർഥി നിർണയത്തിലെ മാനദണ്ഡങ്ങൾ നിശ്‌ചയിക്കുന്നതിന് രണ്ട് ദിവസത്തെ സംസ്‌ഥാന കൗൺസിൽ യോഗം നടക്കുകയാണ്. ഇതിനിടെ ഇന്ന് രാവിലെയാണ് നിർവാഹക സമിതി യോഗം ചേർന്നത്. നിർവാഹക സമിതിയുടെ തീരുമാനങ്ങൾ കൗൺസിൽ അംഗീകരിച്ചാൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.
Also Read: കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ട്വിറ്റർ വഴങ്ങി; 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു