ന്യൂഡെല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയല്ല കോണ്‍ഗ്രസ് വിടാനുള്ള കാരണമെന്ന് നടി ഊര്‍മിള മദോണ്ഡ്കര്‍. പദവി ലഭിക്കാനായി മാത്രം ഒരു പാര്‍ട്ടിയിലേക്ക് വരുന്നതിന് താല്പര്യമില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ സീറ്റ് താന്‍ നിരസിച്ചതെന്നും അവര്‍ ഇന്ത്യാ ടുഡേ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘തോല്‍വി അംഗീകരിച്ച് മുന്നോട്ട് പോകാനുള്ള വേണ്ടത്ര ധൈര്യം എന്റെ മനസിനുണ്ടായിരുന്നു. അത് ആദ്യത്തെ തോല്‍വിയായിരുന്നില്ല. എന്നാല്‍ അവസാനത്തേതുമല്ല. കോണ്‍ഗ്രസുമായി നിരവധി വിഷയങ്ങളില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. അന്നതൊക്കെ കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നു. എനിക്ക് സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ബഹുമാനമുണ്ട്’- ഊര്‍മിള പറഞ്ഞു.
താന്‍ ജൻമം കൊണ്ട് ഒരു ഹിന്ദുവാണെന്നും ശിവസേന എല്ലാവരുടെയും നല്ലതിന് വേണ്ടി വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും ഊര്‍മിള പറഞ്ഞു. അതുകൊണ്ടാണ് താന്‍ ശിവസേന തെരഞ്ഞെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയില്‍ ചേര്‍ന്നത്.
Read also: മേക്ക് ഇന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്-അക്ഷയ് കുമാര്‍ കൂടിക്കാഴ്ച നടത്തി







































