തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരായ പ്രചാരണങ്ങൾക്ക് വീടുകയറി മറുപടി പറയാൻ സിപിഎം. ഇതിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്‌ത് തുടങ്ങി. സർക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാൻ യുഡിഎഫ്- ബിജെപി, ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടെന്നും സിപിഎമ്മിന്റെ ലഖുലേഖയിൽ പറയുന്നു.
സിൽവർലൈൻ പദ്ധതി സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയെ തകർക്കുമെന്ന വാദം അടിസ്‌ഥാന രഹിതമെന്നാണ് സിപിഎമ്മിന്റെ വാദം.
സിൽവർലൈൻ സമ്പൂർണ ഹരിത പദ്ധതിയാണ്. ഇത് കൃഷിഭൂമിയെ ബാധിക്കില്ലെന്നും സിപിഎം ലഖുലേഖയിലൂടെ വ്യക്‌തമാക്കി. പദ്ധതിയ്‌ക്കെതിരെ പ്രതിഷേധങ്ങളും വിമർശനങ്ങൾക്കും വ്യാപകമാകുന്ന സാഹചര്യത്തിലാണ് പാർട്ടി നിലപാട് ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ സിപിഎം രംഗത്തെത്തിയത്. ഓരോ വീട് കയറിയിറങ്ങിയും പ്രവർത്തകർ ലഖുലേഖകൾ വിതരണം ചെയ്യുമെന്ന് പാർട്ടി അറിയിച്ചു.
സിൽവർലൈൻ പദ്ധതിയ്‌ക്കെതിരെ ഉയർന്നുവന്നിരിക്കുന്ന വിമർശനങ്ങൾക്ക് രാഷ്‌ട്രീയ സ്വഭാവമുണ്ടെന്നാണ് ലഖുലേഖയിലെ പ്രധാന പരാമർശം. കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎം നേതാക്കൾ പദ്ധതിയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ചുരുക്കമാണ് ലഖുലേഖയിലുള്ളത്.
പദ്ധതിയ്‌ക്ക് ഒരു ലക്ഷം കോടി രൂപ വരെ ചെലവാകുമെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് വസ്‌തുതാവിരുദ്ധമാണെന്നും സിപിഎം വ്യക്‌തമാക്കുന്നു. വലിയ തോതിൽ ജനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുന്ന പദ്ധതിയാണ് ഇതെന്നും ഒരു ഹെക്‌ടറിന് ശരാശരി 9 കോടി രൂപ നഷ്‌ടപരിഹാരമായി ലഭിക്കുമെന്നും സിപിഎം ലഖുലേഖയിൽ പറയുന്നു.
Most Read: കിഴക്കമ്പലം ആക്രമണം; അറസ്‌റ്റിൽ ആയവരുടെ എണ്ണം 50 ആയി









































