തിരുവനന്തപുരം: സിൽവർ ലൈൻ കേരളത്തെ തുലയ്ക്കാനുള്ള പദ്ധതിയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. വലിയ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ പദ്ധതി നിർത്തിവെക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് മുഖ്യമന്ത്രിയുടെ വിശ്വസ്തരെ മാത്രമാണ് ക്ഷണിച്ചത്. തന്നെ പൗരപ്രമുഖനായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടിട്ടുണ്ടാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം വിവാദങ്ങളും വിമർശനങ്ങളും ശക്തമായി തുടരുന്നതിനിടെ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമാണ് യോഗം ചേരുന്നത്.
എറണാകുളം ടിഡിഎം ഹാളിൽ ഇന്ന് യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. രാവിലെ 11 മണിക്കാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്. അതേസമയം, സർവേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വീണ്ടും ആവർത്തിച്ചു.
സർവേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താൽപര്യക്കാർ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Most Read: കുരുമുളക് വില താഴോട്ട്; കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ







































