കോഴിക്കോട്: സിൽവർ ലൈൻ കല്ലിടലിനെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇന്നലെ ജനം സംഘടിച്ചെത്തി സംഘർഷാവസ്‌ഥ ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ ഇന്ന് കല്ലിടൽ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയിൽ സർവേ നടപടികൾ മാത്രം നടത്താനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.
എന്നാൽ, സ്‌ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. ഉദ്യോഗസ്‌ഥരെ പ്രതിഷേധക്കാർ തടയുമെന്നാണ് സൂചന. ഇന്നലെ കോഴിക്കോട് നടന്ന പ്രതിഷേധം സംഘർഷാവസ്‌ഥയിലേക്ക് മാറിയിരുന്നു. കല്ല് പിഴുതെറിഞ്ഞ് സമരക്കാർ കല്ലായി പുഴയിൽ തള്ളിയിരുന്നു. തുടർന്ന് പ്രതിഷേധം രൂക്ഷമായതോടെ ഉദ്യോഗസ്‌ഥർ ഇന്നലെ കല്ലിടൽ നടപടികൾ മാറ്റിവച്ചിരുന്നു.
കോട്ടയം പെരുമ്പായിക്കോട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കെ റെയിൽ കല്ലിടാൻ അതിരാവിലെ തന്നെ ഉദ്യോഗസ്‌ഥർ എത്തി. ഇതറിഞ്ഞു നാട്ടുകാരും സംഘടിച്ചെത്തി. സ്‌ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. റോഡിന്റെ രണ്ട് വശവും പോലീസ് തടഞ്ഞു. ഉദ്യോഗസ്‌ഥർ ഇവിടെ കല്ലിടാൻ തുടങ്ങിയതോടെ നാട്ടുകാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്‌ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്.
Most Read: കോവിഡ് കേസുകൾ ഉയരുന്നു; ഇന്ത്യയിൽ എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകിയേക്കും