തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നുവെന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയല്ല വേണ്ടതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ ലൈന്‍ പദ്ധതിയോട് എതിര്‍പ്പുള്ളവരോട് സംവദിക്കും എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ജീവിതകാലം മുഴുവനുള്ള അധ്വാനത്തിന്റെ സമ്പാദ്യമായ സ്വന്തം കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കഴിയുന്ന സാധാരണ ജനങ്ങളോടാണ് സംവദിക്കുവാന്‍ തയ്യാറാക്കേണ്ടതെന്നും ഇദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അതിന് കഴിയില്ലെങ്കിൽ കെ-റെയിൽ എംഡിയെ എങ്കിലും വിടണം.
സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നവര്‍ എന്തുകൊണ്ട് മെട്രോമാന് ഇ ശ്രീധരനെ ക്ഷണിച്ചില്ലെന്നും മുരളീധരന് ചോദിച്ചു. കെ-റെയിൽ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ ആശങ്കകള്‍ നേരിട്ടറിയാന്‍ കേന്ദ്രമന്ത്രി വി മുരളീധരന് നടത്തുന്ന പ്രതിരോധ യാത്രയുടെ ആറാം ദിവസം ആറ്റിങ്ങലില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
Read Also: റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ച കേസ്; ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി







































