കൊച്ചി: മുപ്പത് സെക്കന്റ് നൃത്തത്തിലൂടെ വൈറലാവുകയും പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണത്തിന് ഇരകളാവുകയും ചെയ്ത ജാനകി ഓംകുമാറിനും, നവീൻ റസാഖിനും ഐക്യദാർഢ്യവുമായി വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ കുസാറ്റ് യൂണിറ്റ് കമ്മിറ്റി. ‘എന്തോ ഒരു പന്തികേട്‘ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ‘റാസ്പുടിൻ’ ഗാനത്തിന് ചുവട് വച്ച് സമ്മാനം നേടാനുള്ള അവസരമാണ് ഇവർ ഒരുക്കുന്നത്.
‘ലവ് ജിഹാദ്‘ ആരോപിച്ച് ഇരുവർക്കും എതിരെ നടത്തിയ വിദ്വേഷ പ്രചാരണങ്ങൾക്ക് പ്രതിരോധം തീർക്കുകയാണ് സംഘടന ഇതിലൂടെ. മൽസരത്തിൽ പങ്കെടുത്ത് വിജയിക്കുന്ന വ്യക്തികൾക്ക് 1500 രൂപ സമ്മാനം നൽകുമെന്നും എസ്എഫ്ഐ കുസാറ്റ് അറിയിച്ചു.
നേരത്തെ ഇരുവരുടെയും നൃത്തത്തിന്റെ വീഡിയോ ജനപ്രീതി നേടിയതിന് പിന്നാലെയാണ് വർഗീയ പരാമർശങ്ങളും, വിദ്വേഷ പ്രചാരണങ്ങളും നടത്തി ഒരുകൂട്ടം ആളുകൾ സമൂഹ മാദ്ധ്യമങ്ങളിൽ രംഗത്ത് വന്നത്. ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്.
ജാനകിയുടെ മാതാപിതാക്കൾ സൂക്ഷിക്കുന്നത് നന്നാവുമെന്നും, മകൾ സിറിയയിൽ എത്താതിരുന്നാൽ മതിയെന്നും കമന്റിലൂടെ ചിലർ പറഞ്ഞിരുന്നു. ഇരുവരുടെയും നൃത്തത്തിന്റെ വീഡിയോ പങ്കുവച്ച് കൃഷ്ണരാജ് എന്നയാളാണ് സോഷ്യൽ മീഡിയയിൽ മോശം പ്രചാരണത്തിന് തുടക്കമിട്ടത്.
Read Also: നവീൻ റസാഖ്-ജാനകി ഓംകുമാർ വൈറൽ ഡാൻസ്; പിന്തുണയുമായി മെഡിക്കൽ സ്റ്റുഡന്റ്സ് നെറ്റ്വർക്ക്







































