കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ത്യയുടെ സഹായം അഭ്യർഥിച്ച് ശ്രീലങ്ക. അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്)യിൽ നിന്ന് ധനസഹായം ലഭിക്കുന്നത് വരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നൽകണമെന്നാണ് ശ്രീലങ്കയുടെ അഭ്യർഥന. ഐഎംഎഫിൽ നിന്നുള്ള സഹായമെത്താൻ ഇനിയും നാല് മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നതിനാലാണ് ശ്രീലങ്ക ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
ജപ്പാൻ അടക്കമുള്ള ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുമായും അന്താരാഷ്‌ട്ര സംഘടനകളുമായും ശ്രീലങ്ക ആശയവിനിമയം നടത്തി. ശ്രീലങ്കക്ക് വായ്‌പ ലഭ്യമാക്കാനുള്ള സഹായവും അവർ അഭ്യർഥിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ശ്രീലങ്കൻ ധനമന്ത്രിയുമായും ഹൈക്കമ്മീഷണറുമായും നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. ശ്രീലങ്കയുടെ അഭ്യർഥന അനുഭാവപൂർവമാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സൗഹൃദ രാഷ്‌ട്രങ്ങളുമായി സംസാരിച്ച് ശ്രീലങ്കക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ നിർമല സീതാരാമനുമായി ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി വാഷിങ്‌ടണിൽ ചർച്ച നടത്തിയേക്കും. ഇതിനോടകം തന്നെ ശ്രീലങ്കക്ക് 2.4 ബില്യൺ ഡോളർ സഹായം ഇന്ത്യ എത്തിച്ചുകഴിഞ്ഞു. എന്നാൽ, ഐഎംഎഫിന്റെ സഹായം ലഭിക്കുന്നത് വരെ കൂടുതൽ തുക ശ്രീലങ്കയുടെ നിലനിൽപ്പിന് ആവശ്യമാണ്. ഇക്കാര്യങ്ങളിലെല്ലാം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഉദ്യോഗസ്‌ഥതല ചർച്ചയും പുരോഗമിക്കുന്നുണ്ട്. ഐഎംഎഫ് അധികൃതരുമായി തിങ്കളാഴ്‌ച ചർച്ച തുടങ്ങും.
സാമ്പത്തിക പ്രതിസന്ധി മൂലം താറുമാറായ ശ്രീലങ്കയെ കൈപിടിച്ചുയർത്താൻ ആദ്യം മുന്നോട്ടുവന്ന രാജ്യം ഇന്ത്യയാണ്. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കയെന്ന വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. സഹകരണം ശക്‌തമാക്കാനും ദീർഘകാലത്തേക്ക് നിലനിർത്താനുമുള്ള ശ്രമങ്ങളാണ് ശ്രീലങ്ക നടത്തുന്നത്.
Most Read: 9000 കോടി രൂപക്ക് മുകളിൽ മൂല്യം; അപൂർവ റൂബി ഡയമണ്ട് ലേലത്തിന്