വടകര: നഗരസഭയിലും സമീപത്തെ പഞ്ചായത്തുകളിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വടകരയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതരുടെ തീരുമാനം. ഓണത്തിരക്ക് കൂടി മുന്നിൽ കണ്ടാണ് നിലവിലെ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനമെടുത്തത്.
നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രമായ ചന്തപ്പറമ്പ് പച്ചക്കറി മാർക്കറ്റിൽ 4 മണി വരെ മാത്രമേ കച്ചവടം നടത്താൻ അനുവദിക്കുകയുള്ളൂ. ഇറച്ചിക്കടകളിൽ ആൾകൂട്ടം ഒഴിവാക്കാൻ മുൻകൂട്ടി ഇറച്ചി പല തൂക്കത്തിൽ ഉള്ളവ പാക്കറ്റുകളാക്കി വിൽക്കാനാണ് നിർദ്ദേശം. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനെ സംബന്ധിച്ച് വ്യാപാരികളുമായി നഗരസഭ അദ്ധ്യക്ഷൻ കെ ശ്രീധരൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഹോട്ടലുകളിൽ പാർസൽ സംവിധാനത്തിലൂടെ മാത്രമേ ഭക്ഷണം വിൽക്കാൻ പാടുള്ളൂവെന്നും തീരുമാനമെടുത്തു.
സെപ്റ്റംബർ 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നഗരത്തെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ഈ സാഹചര്യത്തിൽ സെപ്റ്റംബർ 2ന് രാവിലെ 7 മുതൽ 11 വരെ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും മറ്റു പരിസര പ്രദേശങ്ങളിലുമുള്ള മാലിന്യങ്ങൾ കച്ചവടക്കാർ സ്വന്തം നിലയിൽ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൂക്കച്ചവടത്തിനും മറ്റു വഴിയോരക്കച്ചവടങ്ങൾക്കും നിലവിലുള്ള വിലക്ക് തുടരും. നിയമലംഘനം പരിശോധിക്കാൻ ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക സ്‌ക്വാഡിനു രൂപം നൽകി. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, മറ്റു ഡിസ്പോസിബിൾ ഉത്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. 10000 രൂപയിൽ കുറയാത്ത പിഴ ഈടാക്കുകയും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുകയും ചെയ്യും.
കണ്ടെയ്ൻമെന്റ് സോണുകളിൽ ഉള്ള കടകൾ 8 മണി മുതൽ 5 വരെയും ബാക്കിയുള്ളവ രാവിലെ 7.30 മുതൽ രാത്രി 7.30 വരെയും പ്രവർത്തിക്കാം, സെപ്റ്റംബർ 2 വരെയാണ് ഇളവ്. നഗരസഭ പരിധിയിൽ ഇന്നലെ മാത്രം 33 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.






































