പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ്. സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ് വ്യക്തമാക്കുന്നു. ഓഫിസിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് എച്ച്ആർഡിഎസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു വിശദീകരിച്ചു.
ഗൂഢാലോചന കേസിൽ എച്ച്ആർഡിഎസ് ജീവനക്കാരുടെ മൊഴി എടുത്തിരുന്നു. സ്വപ്നയുടെ കൂടി താൽപര്യം മാനിച്ചാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കുന്നു. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നക്ക് നിയമനം നല്‍കിയത്.
സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12നാണ് സ്വപ്നക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം. ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്നക്ക് നിയമ സഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.
നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്ന, കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.
Most Read: നുപൂർ ശർമയുടെ തലയറുക്കുന്നവർക്ക് പാരിതോഷികം; അജ്മീർ ദർഗയിലെ പുരോഹിതൻ അറസ്റ്റിൽ






































