മലപ്പുറം: താനൂരിൽ അപകടം ഉണ്ടാക്കിയ അറ്റ്‌ലാന്റിക് ബോട്ട് ഉടമ നാസറിന്റെ വാഹനം കൊച്ചിയിൽ വെച്ച് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പാലാരിവട്ടം പോലീസാണ് വാഹനം പിടിച്ചെടുത്തത്. ബോട്ടുടമയായ നാസറിന്റെ സഹോദരനും സുഹൃത്തുക്കളും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണ്.
നാസറിന്റെ ഫോണും മറ്റും വാഹനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. നാസർ എറണാകുളം ജില്ലയിൽ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ബോട്ടുടമയായ നാസറിന്റെ ചിത്രം പോലീസ് അൽപ്പസമയം മുൻപ് പുറത്തുവിട്ടിരുന്നു. അന്വേഷണം ഊർജിതമാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും മലപ്പുറം എസ്‌പി സുജിത് ദാസ് അറിയിച്ചു. നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, ബോട്ട് ദുരന്തത്തിൽ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തിയതായി കുടുംബം അറിയിച്ചു. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതിനാലാണ് കാണാനില്ലെന്ന അഭ്യൂഹം പരന്നത്. ഇതോടെ ബോട്ടിൽ ഉണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയതായാണ് വിവരം. രക്ഷാ സംഘത്തിന്റെ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കുമെന്നാണ് അഗ്‌നിശമന സേന അറിയിക്കുന്നത്.
താനൂർ ബോട്ട് ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക വിദഗ്‌ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബോട്ട് മറിഞ്ഞു മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌തു. ചികിൽസയിൽ ഉള്ളവരുടെ മുഴുവൻ ചികിൽസാ ചിലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Related News: താനൂർ ബോട്ട് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി








































