മലപ്പുറം: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ ഏറെയും സ്‌ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 40ഓളം യാത്രികരുമായി, തീരത്തിന് 300 മീറ്റർ അകലെ മുങ്ങിയ ബോട്ട് കരയിലേക്ക് എത്തിച്ചു.
അപകടത്തിൽപെട്ട ബോട്ട് സ്വകാര്യ ഉടമസ്‌ഥതയിലുള്ളതാണ്. ഒരു മാസം മുൻപാണ് ഇവിടെ വിനോദ സഞ്ചാരികൾക്കായി ബോട്ടുയാത്ര ആരംഭിച്ചത്. പുഴയുടെ ആഴം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അധികൃതരുടെ സുരക്ഷാ പരിശോധന ഉൾപ്പടെയുള്ള ഒന്നും നടത്താതെയാണ് ഇവിടെ വിനോദസഞ്ചാരം ആരംഭിച്ചതെന്നും ബോട്ടിനു ലൈസൻസ് അനുവദിച്ചിട്ടില്ല എന്നുമാണ് പ്രാഥമിക വിവരം.
ഇരുപതുപേരെ കയറ്റാവുന്ന ബോട്ടിൽ 40ഓളം യാത്രികർ ഉണ്ടായിരുന്നതായും ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക വിശദീകരണത്തിലൂടെ ലഭിക്കേണ്ട വ്യക്‌തതക്ക് വേണ്ടി കാത്തിരിക്കുകയാണ് സമൂഹവും മാദ്ധ്യമങ്ങളും. ഇതു രാവിലെയോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഇതുവരെ 12ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. ഇപ്പോഴും അപകടത്തിൽ പെട്ട സ്‌ഥലത്തെ ചളിയിലോ, നീന്താൻ ശ്രമിക്കുന്നതിനിടയിൽ അപകടത്തിൽ പെട്ടവരോ ഉണ്ടോയെന്ന അന്വേഷണം രക്ഷാപ്രവർത്തകർ നടത്തുകയാണ്.
പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂർണമായും മുങ്ങിയിരുന്നു. ബോട്ടിന്റെ വാതിൽ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു. ബോട്ടിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലായിരുന്നു എന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. അതേസമയം, അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി ഇന്ന് സംസ്‌ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Related Read: മൊബൈൽ ആപ്പിന് രൂപം കൊടുത്താൽ ബോട്ട് ദുരന്തം ആവർത്തിക്കാതിരിക്കാം