ഇടുക്കി: കോവിഡ് തളർത്തിയ സംസ്‌ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകി സംസ്‌ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗമണ്ണിൽ തുറന്നു. സഞ്ചാരികൾക്കിനി സുരക്ഷിതമായി കാരവാനിൽ ഇരുന്നുകൊണ്ട് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാം. വിദേശീയർക്കും സ്വദേശീയർക്കും കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സുവർണാവസരമാണ് ഈ പദ്ധതിയിലൂടെ നടപ്പാകുന്നത്.
അഡ്രാക് എന്ന സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ ക്രമീകരിച്ച പാർക്ക് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്‌തു. കോവിഡ് മൂലം പുറത്തിറങ്ങാൻ മടിക്കുന്ന സഞ്ചാരികൾക്ക് കാരവാനുകളിൽ സഞ്ചരിച്ച് അതിൽ തന്നെ താമസിച്ച് കേരളം കാണാനുള്ള അവസരം ലഭിക്കും.
ടൂറിസം വകുപ്പിന്റെയും സ്വകാര്യ സംരംഭകരുടെയും കാരവാനുകൾ ഉപയോഗിച്ച് യാത്രക്കാരെ ഇഷ്‌ട സ്‌ഥലങ്ങളിലും തിരികെയും എത്തിക്കും. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവും ഗണ്യമായി വർധിക്കുന്നതോടെ പദ്ധതി വിജയമാകുമെന്നാണ് പ്രതീക്ഷ. കാരവാനുകൾ ചിലയിടത്ത് നിർത്തിയിടുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് കാരവാൻ പാർക്കുകൾ ക്രമീകരിച്ചിരിക്കുന്നത്.
പകൽ യാത്ര ചെയ്‌ത് സ്‌ഥലങ്ങൾ കണ്ട ശേഷം രാത്രി ഇവിടെ വിശ്രമിക്കാം. രണ്ട് കാരവാനുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് വാഗമണ്ണിൽ നിലവിലുള്ളത്. ഭക്ഷണം പാകം ചെയ്യുന്നതിനും വെള്ളം നിറക്കുന്നതിനുമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പരിസ്‌ഥിതി സൗഹൃദ ഇരിപ്പിടങ്ങളും ക്രമീകരിച്ചുകഴിഞ്ഞു. ക്യാംപ് ഫയറിനുള്ള സൗകര്യവും ഒരുക്കി.
ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോട് ഇണങ്ങിച്ചേർന്ന സ്‌ഥലങ്ങളിലാണ് കാരവാൻ പാർക്കുകൾക്ക് അനുമതി നൽകുന്നത്. 2021 ഒക്‌ടോബറിൽ ആരംഭിച്ച കാരവാൻ കേരള പദ്ധതിയിൽ സ്വകാര്യ മേഖലയിൽ നിന്നും ഇതുവരെ 303 കാരവനുകൾക്കായി 154 അപേക്ഷ ടൂറിസം വകുപ്പിന് ലഭിച്ചിട്ടുണ്ട്. ആദ്യ 100 കാരവാൻ പാർക്കുകൾക്കായി 67 സ്‌ഥാപനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.
കാരവാൻ പരിമിതമായ സ്‌ഥലത്ത് ക്യാംപ് ചെയ്യാൻ കഴിയില്ല. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്‌ഥലം . ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപ തുകയുടെ 15 ശതമാനം, അടുത്ത 100 പേർക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ 5 ശതമാനം എന്നിങ്ങനെ സബ്‌സിഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്.
യാത്രക്കാർക്ക് ആവശ്യമായ എല്ലാ സജ്‌ജീകരണങ്ങളോട് കൂടിയ അടുക്കള, സൗകര്യമുള്ള ശുചിമുറി,വിശാലമായ കിടപ്പുമുറി, ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്‌ൻമെന്റ് സിസ്‌റ്റം തുടങ്ങിയ പദ്ധതികളും കാരവാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധികമാരും അറിയപ്പെടാത്ത പ്രകൃതിയുടെ സൗന്ദര്യം തുളുമ്പുന്ന ഇടങ്ങളിലേക്ക് സഞ്ചാരികൾക്ക് ഇനി കാരവാനിൽ എത്താം.
Most Read: ഹോട്ടൽ റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്