മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്ളാസ് റൂമിൽ വച്ച് മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം. മുസാഫർനഗർ പോലീസ് വിദ്യാഭ്യാസ വകുപ്പിനാണ് നിർദ്ദേശം നൽകിയത്. കുട്ടിയെ മർദ്ദിക്കാൻ ടീച്ചർ നിർദ്ദേശം നൽകുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
വിദ്യാർഥിയെ മർദ്ദിക്കാൻ മറ്റു കുട്ടികൾക്ക് നിർദ്ദേശം നൽകിയ അധ്യാപികക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ‘ഗുണനപട്ടിക പഠിക്കാത്തതിന്റെ പേരിൽ ഒരു കുട്ടിയെ അടിക്കാൻ സഹപാഠികൾക്ക് നിർദ്ദേശം നൽകുന്ന അധ്യാപികയുടെ വീഡിയോ ലഭിച്ചു. വീഡിയോയിലെ അധിക്ഷേപ പരാമർശത്തെ കുറിച്ച് സ്കൂൾ പ്രിൻസിപ്പലിനോട് വിശദീകരണം തേടി’-പോലീസ് അറിയിച്ചു.
ബാലാവകാശ കമ്മീഷനും അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ളാസ് റൂമിൽവച്ച് മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിക്കാൻ അധ്യാപിക ശ്രമിക്കുന്നതും ചില കുട്ടികൾ ഇരയായ കുട്ടിയെ മുഖത്ത് അടിക്കുന്നതും കുട്ടി വേദനകൊണ്ടും അപമാനം കൊണ്ടും കരയുന്നതുമാണ് വീഡിയോയിൽ ഉള്ളത്. കൂടുതൽ ശക്തമായി അടിക്കാൻ സഹപാഠികളോട് അധ്യാപിക നിർദ്ദേശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ താനക്ഷേത്രയിലെ ഖുബ്ബപൂർ ഗ്രാമത്തിലെ നേഹ പബ്ളിക് സ്കൂളിൽ തന്നെയാണ് സംഭവം നടന്നതെന്ന് മുസാഫർനഗർ പോലീസും രാത്രിയോടെ സ്ഥിരീകരിച്ചിട്ടുണ്ട്. ‘നിഷ്കളങ്കരായ കുട്ടികളുടെ മനസിൽ വർഗീയ വിഷം കുത്തിവെക്കുകയാണ്. വിദ്യാലയം പോലെ പവിത്രമായ സ്ഥലത്ത് വെറുപ്പിന്റെ രാഷ്ട്രീയം വിൽക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ മുക്കിലും മൂലയിലും കത്തിപ്പടരുന്നതിനായി ബിജെപി വർഗീയത ഉപയോഗിക്കുന്നു. ഇന്ത്യയുടെ ഭാവി കുട്ടികളിലാണ്. അവരെ വെറുക്കരുത്. നമുക്ക് അവരെ സ്നേഹം പഠിപ്പിക്കാം’- സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി കുറിച്ചു.
Most Read| ശാസ്ത്രജ്ഞർക്ക് സല്യൂട്ട് ; ചന്ദ്രയാൻ 3 ഇറങ്ങിയ ഇടം ഇനി ‘ശിവശക്തി’- പ്രധാനമന്ത്രി