തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം യുഡിഎഫ് തുടരുകയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജമാഅത്തെ ഇസ്ലാമി ബന്ധം തുടരാനാണോ പാണക്കാടെത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും വിജയരാഘവൻ പറഞ്ഞു.
താന്‍ ഭൂരിപക്ഷ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നെന്ന യുഡിഎഫ് ആരോപണം അദ്ദേഹം നിഷേധിച്ചു. ബിജെപിയുമായും മുസ്ലിം വർഗീയ വാദികളുമായും കൂട്ടുകൂടുന്നതിനെ ചോദ്യം ചെയ്താൽ വർഗീയ വാദിയാക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
ഒരു ഘട്ടത്തിലും ഇത്തരം ഒരു വിധ ബന്ധവും സിപിഎം ഉണ്ടാക്കിയിട്ടില്ല. ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന സിപിഎമ്മിനെ ജമാഅത്തെ ഇസ്ലാമി വർഗീയവാദികൾ എന്ന് വിളിക്കുന്നു. പാർട്ടിയുടെ എല്ലാകാലത്തെയും നിലപാട് വർഗീയതക്ക് എതിരാണ്.
ജമാഅത്തെ ഇസ്ലാമി ബന്ധം തുടരാനാണോ മുസ്ലിം ലീഗ് നേതാക്കളെ കണ്ടത് എന്ന് കോൺഗ്രസാണ് വ്യക്തമാക്കേണ്ടത്. യുഡിഫിന്റെ നേതൃത്വം മുസ്ലിം ലീഗിനാണോ എന്ന ചോദ്യത്തിന് കോൺഗ്രസ് ഉത്തരം പറയണമെന്നും വിജയരാഘവൻ പറഞ്ഞു.
Read Also: അഴിമതിയാരോപണം; ബാർ കൗൺസിലിന് എതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി







































