ന്യൂഡെൽഹി: ജഡ്‌ജിമാർ പോലും പരാതികൾ നൽകുമ്പോൾ സിബിഐയും അന്വേഷണ ഏജൻസികളും അത് ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് സുപ്രീം കോടതി. പല പരാതികളിലും സിബിഐ നോക്കുകുത്തി ആവുകയാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ജാർഖണ്ഡ് ജഡ്‌ജിയുടെ ദുരൂഹ മരണത്തിലെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
ജുഡീഷ്യറിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായം ലഭിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പല പരാതികളും കിട്ടിയിട്ടും സിബിഐ നോക്കുകുത്തിയാവുകയാണ്. സിബിഐയുടെ സമീപനത്തിൽ ഒരു മാറ്റവുമില്ല. എസ്എംഎസായും വാട്‍സ്ആപ്പ് സന്ദേശങ്ങളായും ജഡ്‌ജിമാ൪ക്ക് ഭീഷണികൾ വരുന്നു. പ്രത്യേകിച്ച് ഉന്നതരും ഗുണ്ടാസംഘങ്ങളും ഉൾപ്പെടുന്ന കേസുകൾ പരിഗണിക്കുന്ന ജഡ്‌ജിമാ൪ക്ക്; കോടതി പറഞ്ഞു.
ജഡ്‌ജിന്റെ ദുരൂഹ മരണം സിബിഐക്ക് കൈമാറിയ ജാർഖണ്ഡ് സ൪ക്കാരിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. സ൪ക്കാ൪ കൈ കഴുകുകയാണോയെന്ന് കോടതി ചോദിച്ചു. പല കോടതികളിലും ഗുണ്ടാസംഘങ്ങൾ ഇരച്ചുകയറുന്നതായുള്ള റിപ്പോ൪ട്ടുകളിൽ സത്യവാങ്മൂലം നൽകണമെന്ന നിർദ്ദേശം ഇതുവരെയും കേന്ദ്രം നടപ്പാക്കിയില്ല. ജുഡീഷ്യറിയുടെ സുരക്ഷയിൽ വീഴ്‌ച വരുത്തുന്നു. സഹായം നൽകുന്നില്ലെന്നും ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.
ഹരജി ഓഗസ്‌റ്റ് 17ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പായി സത്യവാങ്മൂലം നൽകിയില്ലെങ്കിൽ പിന്നീടതിന് അവസരം ഉണ്ടാകില്ലെന്നും സുപ്രീം കോടതി താക്കീതായി പറഞ്ഞു.
Most Read: അശാസ്‌ത്രീയമായ ലോക്ക്ഡൗൺ ഇളവുകൾ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിഡി സതീശന്‍