പാലക്കാട്: മലമ്പുഴയിൽ മല കയറുന്നതിനിടെ പാറയിടുക്കിൽ കുടുങ്ങിയ ബാബു (23) സുരക്ഷിതനായി തുടരുന്നുണ്ടെന്ന് സൈന്യം അറിയിക്കുന്നു. ജലപാനമില്ലാതെ മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന യുവാവ് പകലിലെ ചൂടും രാത്രിയിലെ തണുപ്പും കാരണം അതീവ ക്ഷീണിതനാണ്.
എങ്കിലും രക്ഷാദൗത്യ സംഘത്തിന് നേതൃത്വം നല്കുന്ന മലയാളി കൂടിയായ ലഫ്. കേണല്‍ ഹേമന്ദ് രാജ്, ബാബുവുമായി ശബ്ദം കേൾക്കാവുന്ന അകലത്തിലെത്തി സംസാരിച്ചു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇന്നലെ രാത്രിയിൽ പ്രദേശത്ത് എത്തിയ സൈന്യം പുലർച്ച നാലു മണിയോടെയാണ് ബാബു കുടുങ്ങികിടക്കുന മലയുടെ അരികിലുള്ള സ്ഥലത്ത് എത്തിയത്.
സംഘം യുവാവുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകൾ പുറത്തുവിട്ടിരുന്നു. ദൗത്യ സംഘം തന്നെയാണ് ബാബുവുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ചത്. പക്ഷെ, ശബ്ദം കേൾക്കുന്ന അകലത്തിൽ എത്താൻ കഴിഞ്ഞെങ്കിലും വെള്ളം നൽകാൻ കഴിയുന്ന സാഹചര്യം ആയിട്ടില്ല. നേരം പൂർണമായി പുലരുന്നതോടെ ഇത് സാധ്യമാകുമെന്നും 10 മണിക്ക് മുൻപ് തന്നെ ബാബുവിനെ രക്ഷിക്കാൻ കഴിയുമെന്നുമാണ് സൈന്യത്തിന്റെ പ്രതീക്ഷ.
അത്യാധുനിക ഡ്രോണുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങളുമായി രണ്ടു സൈനിക സംഘങ്ങളാണ് ഇന്നലെ രാത്രി സ്ഥലത്ത് എത്തിയത്. പർവതാരോഹണ വിദഗ്ധർ ഉൾപ്പെടുന്ന കരസേനാസംഘം ബെംഗളൂരുവിൽനിന്ന് സുലൂർ വഴിയും മറ്റൊരു സൈനികസംഘം ഊട്ടിയിൽ നിന്നുമാണ് എത്തിയത്. വിവിധ ദിശയിൽ നിന്നുള്ള രക്ഷാ പ്രവർത്തനത്തിനെ ലഫ്.കേണൽ ഹേമന്ത് രാജാണ് നയിക്കുന്നത്.
Related: ബാബു എന്ന 23കാരൻ മലയിടുക്കിൽ കുടുങ്ങിയതുമായി ബന്ധപ്പട്ട മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം








































