തിരുവനന്തപുരം: കേരളത്തിന് ഇന്ന് 67ആം പിറന്നാൾ. സംസ്‌ഥാനത്തുടനീളം ഇന്ന് കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടും. സംസ്‌ഥാന സർക്കാരിന്റെ ‘കേരളീയം’ പരിപാടിക്കും തലസ്‌ഥാനത്ത് ഇന്ന് തുടക്കമാകും. 41 വേദികളിലായി ഏഴ് ദിവസം നീളുന്ന ആഘോഷങ്ങൾക്കാണ് ഇന്ന് തിരിതെളിയുന്നത്. ഉൽഘാടന ചടങ്ങിൽ നടൻമാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ അടക്കം വൻ താരനിര പങ്കെടുക്കും.
ആഘോഷത്തിന്റെ ഭഗമായി ദീപാലങ്കാരങ്ങളായി നിറഞ്ഞിരിക്കുകയാണ് തലസ്‌ഥാനനഗിരി. ആഘോഷത്തിന് ദേശീയ, അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകൾ, ചുമർ ചിത്ര പ്രദർശനം, പ്രമുഖരുടെ കലാപരിപാടികൾ, വ്യാപാരമേള, ചലച്ചിത്രമേള, പുഷ്‌പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാ മന്ദിരത്തിൽ പുസ്‌തകോൽസവവും നടക്കും.
കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ നീളുന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ വ്യത്യസ്‌ത രുചികളുമായി ഫുഡ് ഫെസ്‌റ്റിവലുമുണ്ട്. 11 വേദികളിലായാണ് വ്യത്യസ്‌ത രുചിക്കൂട്ടുകൾ അവതരിപ്പിക്കുന്ന ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. സെൻട്രൽ സ്‌റ്റേഡിയം, കനകക്കുന്ന്, മാനവീയ വീഥി, പുത്തരിക്കണ്ടം, ടാഗോർ തിയേറ്റർ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിങ്ങനെ നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം വേദികൾ ഒരുക്കിയിട്ടുണ്ട്.
എല്ലാ വേദികളിലേക്കും സൗജന്യ ഇലക്ട്രിക് ബസ് സർവീസുകൾ ഉണ്ടാകും. ഇന്ന് മുതൽ എല്ലാ വേദികളും സജീവമാകും. രാവിലെ പത്ത് മണിക്ക് സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി ആഘോഷങ്ങൾക്ക് തിരിതെളിക്കും. അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയം പരിപാടി ധൂർത്താണെന്ന് ആരോപിച്ചു പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
അതേസമയം, മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുകൊച്ചിയും മലബാറുമായി വേർതിരിച്ചു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്‌ഥാനത്തിൽ ഒരുമിച്ചു ചേർന്നാണ് കേരളം രൂപംകൊണ്ടത്. ഇതിനായി പോരാടിയവരുടെ സ്വപ്‌നങ്ങൾ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദർഭം കൂടിയാണ് ഈ ദിനം. അവയിൽ പലതും യാഥാർഥ്യമാക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. പുതിയ സഹസ്രാബ്‌ദം സൃഷ്‌ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുൾക്കൊണ്ട് വൈജ്‌ഞാനിക സമ്പദ്‌വ്യവസ്ഥ വളർത്തിയെടുക്കാൻ ഒരുമയോടെ മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’